പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടെ അഞ്ചുവയസുകാരി വെടിയേറ്റ് മരിച്ചു

08:40am 23/5/2016
– പി.പി. ചെറിയാന്‍
Newsimg1_60347759
ലൂസിയാന: അശ്രദ്ധമായി വച്ചിരുന്ന പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടി അഞ്ചുവയസുകാരി മരിച്ചു.

ലൂസിയാനയില്‍ ഇന്ന് (മെയ് 21-നു ശനിയാഴ്ച) രാവിലെയായിരുന്നു നിര്‍ഭാഗ്യകരമായ ഈ സംഭവം നടന്നത്. സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഷെരീഫ് ഓഫീസറാണ് ഔദ്യോഗികമായി ഈ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

ന്യൂഓര്‍ലിയന്‍സില്‍ നിന്ന് 25 മൈല്‍ അകലെയുള്ള ലാപ്ലേയ്‌സ് എന്ന സ്ഥലത്ത് പിതാവ് വീട്ടിലില്ലായിരുന്ന സമയത്താണ് അശ്രദ്ധമായി വെച്ചിരുന്ന തോക്ക് കുട്ടിയുടെ കൈയ്യില്‍ എത്തിയത്. രണ്ടു കുട്ടികളുമായി കളിക്കുന്നതിനിടയിലാണ് തോക്ക് പൊട്ടിയത്. ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മരിച്ച കുട്ടിയുടെ പിതാവും മാതാവും വിവാഹമോചനം നേടിയിരുന്നു. പിതാവിന്റെ കൂടെയായിരുന്നു കുട്ടി താമസിച്ചിരുന്നത്.

തോക്ക് അശ്രദ്ധമായി വെച്ചതിനും, കുട്ടിയുടെ മരണത്തിനും പിതാവിന്റെ പേരില്‍ കേസെടുക്കണമോ എന്നു പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.