പുതിയ ലോകം പുതിയ അമേരിക്ക, ട്രംബിന്റെ സ്വപ്നം (

09:33am 30/5/2016
ജോസഫ് പടന്നമാക്കല്‍

Newsimg1_95813652
Picture
2016 നവംബര്‍ മാസത്തില്‍ നടക്കാന്‍ പോവുന്ന അമേരിക്കയുടെ അമ്പത്തിയെട്ടാം പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംബായിരിക്കുമെന്ന് ഏറെക്കുറെ നിശ്ചിതമായിരിക്കുന്നു. ഔദ്യോഗികമായി തിരഞ്ഞെടുക്കാന്‍ ആവശ്യത്തിനുള്ള ഡെലിഗേറ്റുകളും അദ്ദേഹം നേടിക്കഴിഞ്ഞു. അമേരിക്കന്‍ ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ വേളകളില്‍ ഇത്രമാത്രം വിമര്‍ശനങ്ങളെ തരണം ചെയ്ത മറ്റൊരു നേതാവുണ്ടോയെന്നും സംശയമാണ്. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും വീക്ഷിക്കുന്നവര്‍ക്ക് അദ്ദേഹം പാകത വരാത്ത ഒരാളോ ഭാഷാഭ്യാസം ലഭിക്കാത്ത ഒരു നാലാംക്ലാസുകാരനെന്നോ തോന്നിപ്പോവും. ജനം അദ്ദേഹത്തെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനര്‍ത്ഥിയായി തീരുമാനിച്ച സ്ഥിതിക്ക് അദ്ദേഹം പ്രകടിപ്പിച്ച ആശയങ്ങളെ വിശകലനം ചെയ്യുന്നതും അനുചിതമായിരിക്കുമെന്നു കരുതുന്നു.

ട്രംബിന്റെ വിശ്വാസങ്ങളും നയങ്ങളും ഭാവി നയതന്ത്രങ്ങളും വിവിധ രൂപഭാവത്തില്‍, അഭിപ്രായങ്ങളില്‍ വാര്‍ത്താമീഡിയാകളില്‍ വിവരിച്ചിട്ടുണ്ട്. ട്രംബിനു പത്തു ബില്ല്യന്‍ ഡോളര്‍ ആസ്തിയുണ്ടെന്നു കണക്കാക്കുന്നു. ലോകത്തിലിന്നു കാണുന്ന നേതൃനിരയിലുള്ള ഏതൊരാളിനെയുംപോലെ ഡോണാള്‍ഡ്­ ട്രംബും ­ വ്യത്യസ്തനല്ല. അദ്ദേഹത്തില്‍ കഴിവും മികവുമുള്ള ഒരു വ്യവസായിയും വ്യാവസായിക മനസും കുടികൊള്ളുന്നുണ്ട്. സാമ്പത്തിക വിദഗ്ദ്ധരേപ്പോലും വെല്ലുന്ന ബുദ്ധി വൈഭവം അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യത്തിലെ പുരോഗതികളില്‍ക്കൂടി കാണാന്‍ സാധിക്കും. അപ്പന്റെ കൈകളില്‍ നിന്നും ഒരു ലക്ഷം ഡോളര്‍ കടം മേടിച്ചു തുടങ്ങിയ ബിസിനസാണ് പിന്നീട് ട്രംബിന്റെ വ്യാവസായിക സാമ്രാജ്യമായി വളര്‍ന്നത്­. തിരഞ്ഞെടുപ്പു പ്രചരണങ്ങള്‍ കൂടുതലും സ്വന്തം ചെലവിലാണ് നടത്തുന്നത്.

ട്രംബിന്റെ അനുയായികള്‍ അദ്ദേഹത്തെ അമേരിക്കയിലെ പ്രഗത്ഭനായ പ്രസിഡന്റ് റൊണാള്‍ഡ് റേഗനോട് താരതമ്യപ്പെടുത്താറുണ്ട്­. എത്രമാത്രം അങ്ങനെയൊരു അഭിപ്രായത്തോട് യോജിക്കാന്‍ സാധിക്കുമെന്നും അറിയില്ല. ഹോളിവുഡ് താരമായിരുന്ന റൊണാള്‍ഡ് റേഗനെയും എന്‍.ബി.സി. ടെലിവിഷന്‍ താരമായിരുന്ന ഡൊണാള്‍ഡ് ട്രംബിനെയും ചരിത്രപരമായി തുലനം ചെയ്താല്‍ ഇരുവരുടെയും ജീവിതാനുഭവങ്ങള്‍ വ്യത്യസ്തമാണെന്നും കാണാം. ട്രംബ് വോട്ടര്‍മാരോട് വോട്ടു ചോദിക്കുന്നതും പൊതു സദസുകളില്‍ പെരുമാറുന്നതും എഴുത്തുകുത്തുകളിലും പാകതയില്ലാത്ത ഒരു കൊച്ചുകുട്ടിയെപ്പോലെയാണ്. എന്നാല്‍ റേഗന്‍ അങ്ങനെയല്ലായിരുന്നു. അദ്ദേഹം സ്വന്തം വികാര വിചാര ഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ വ്യക്തിപ്രഭാവമുണ്ടായിരുന്ന ഒരു മഹത് വ്യക്തിയായിരുന്നു. അമേരിക്കയില്‍ ഏറ്റവും വലിയ വ്യവസായ സ്‌റ്റേറ്റായ കാലിഫോര്‍ണിയായില്‍ രണ്ടു പ്രാവിശ്യം ഗവര്‍ണ്ണരായിരുന്നു. പരിചയ സമ്പന്നനായ ഒരു യൂണിയന്‍ നേതാവായിരുന്നു. അതേ സമയം ട്രംബിന് അത്തരത്തിലുള്ള പൊതു സമ്പര്‍ക്കമോ പരിചയമോയില്ല. ട്രംബിന് പൊതുമേഖലയില്‍ പരിചയമില്ലെങ്കിലും സ്വകാര്യ മേഖലകളുടെ മുതലാളിയായി റേഗനെക്കാള്‍ പരിചയ സമ്പത്ത് നേടിയിട്ടുണ്ട്. ട്രംബിന്റെ വാചാടോപം ജനങ്ങളില്‍ ഭയമുണ്ടാക്കുന്ന രീതിയിലാണ്. എന്നാല്‍ റേഗന് എക്കാലവും അമേരിക്കയില്‍ പ്രതീക്ഷകളായിരുന്നുണ്ടായിരുന്നത്. യാഥാസ്ഥിതിക മനസായിരുന്നു റേഗനെ തെരഞ്ഞെടുപ്പു വേളകളില്‍ നയിച്ചിരുന്നത്. ട്രംബും മതപരമായ കാര്യങ്ങളില്‍ ഒരു യാഥാസ്ഥിതിക ചിന്താഗതിക്കാരന്‍ തന്നെയാണ്.
Newsimg3_79833342
റേഗനെപ്പോലെ പൊതു ജനങ്ങളെ ആകര്‍ഷിക്കാന്‍ ട്രംബിനും പ്രത്യേകമായ ഒരു വ്യക്തി പ്രഭാവമുണ്ട്. ഇരുവരും ആശയങ്ങളില്‍നിന്നും വ്യതിചലിച്ച് വ്യത്യസ്തമായി പൊതുജീവിതത്തില്‍ സഞ്ചരിച്ചു. റേഗനെപ്പോലെ ട്രംബും പള്ളിയുമായി കാര്യമായി അടുപ്പമില്ലെങ്കിലും ഇവാഞ്ചലിക്കല്‍ വോട്ടുകള്‍ ഭൂരിഭാഗവും ട്രംബിനാണ് ലഭിക്കാന്‍ പോവുന്നത്. രണ്ടുപേരും വര്‍ഗീയ വിരോധം നേടിയിട്ടുണ്ട്. കാര്‍ട്ടറിന്റെ കാലത്ത് അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ ഇറാന്‍ തടവുകാരാക്കിയപ്പോള്‍ റേഗന്റെ മുസ്ലിമുകള്‍ക്കെതിരായ വാചാലമായ നാക്കുകള്‍ അവരെ വേദനിപ്പിച്ചിരുന്നു. അതുപോലെ ട്രംബും മുസ്ലിമുകള്‍ക്ക്­ കുടിയേറ്റം നിരോധിക്കണമെന്നുള്ള പ്രസ്താവന നടത്തി അവരുടെ വിരോധം നേടി. ലോക കാര്യങ്ങള്‍ വളരെ ലളിതമായിട്ടാണ് റേഗനെപ്പോലെ ട്രംബും സംസാരിക്കുന്നത്. അവരുടെ സ്വഭാവവും ധര്‍മ്മ ഗുണങ്ങളും ഒരു കൊച്ചു കുട്ടിക്കുപോലും മനസിലാകുന്ന രീതിയിലാണ്. എങ്കിലും ഇരുവരുടെയും സ്വഭാവ സാമ്യങ്ങള്‍ അവിടം കൊണ്ട് അവസാനിച്ചുവെന്നു തോന്നിപ്പോവും.

ഡോണാള്‍ഡ് ട്രംബിനും തത്ത്വചിന്തകളുടെ ഒരു സമാഹാരം തന്നെയുണ്ട്­. ട്രംബ് പറയുന്ന ഒരു വാക്യമാണ് ‘ആത്മാഭിമാനമില്ലാത്ത ഒരുവനെ കാണിച്ചു തരൂ, എങ്കില്‍ അയാള്‍ പരാജിതനെന്നു ഞാന്‍ പറയും.’ അദ്ദേഹത്തിന്‍റെ മറ്റൊരു പല്ലവി, “നിങ്ങള്‍ ഏതായാലും ചിന്തിക്കുന്നുണ്ട്. എങ്കിലെന്തുകൊണ്ട് വലിയ കാര്യങ്ങള്‍ ചിന്തിച്ചുകൂടാ.” “ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തിക്കൊണ്ടുള്ള ജോലിയും അതില്‍ സന്തോഷവും താല്പര്യപ്പെടുന്നുവെങ്കില്‍ മനസിന്റെ സമനില തെറ്റാതെ ആ ജോലി നിറുത്തുക. പകരം നിങ്ങളുടെ തൊഴിലിനെ കൂടുതല്‍ ആനന്ദപ്രദമാക്കുകയെന്നതും’ ട്രംബിന്റെ ഉദ്ധരണിയാണ്.

‘അപ്രന്റിസ്’ എന്നത് അമേരിക്കയിലെ എന്‍.ബി.സിയിലുള്ള ഒരു റിയാലിറ്റി ടെലവിഷന്‍ പരിപാടിയാണ്. ഒരു പറ്റം വ്യാവസായിക താല്പര്യമുള്ള മത്സരാര്‍ത്ഥികളുടെ അഭിരുചിയെ അളക്കുന്ന മത്സരമാണ് ഈ ഷോയിലുള്ളത്. റീയല്‍ എസ്‌റ്റേറ്റ് പ്രതിഭകള്‍, രാഷ്ട്രീയക്കാര്‍, ബിസിനസ്കാര്‍, ടെലിവിഷന്‍ പ്രമുഖര്‍ മുതലായവര്‍ ഇതില്‍ പങ്കെടുക്കുന്നു. ബ്രിട്ടനില്‍ ജനിച്ച അമേരിക്കനായ മാര്‍ക്ക് ബെര്‍നെയാണ് ഈ പരിപാടിയുടെ നിര്‍മ്മാതാവ്. പതിനാറു തൊട്ടു ഇരുപതു വരെ പ്രഗത്ഭരായവര്‍ പങ്കെടുക്കുന്ന ഒരു ഷോയാണിത്­. ജോലിക്കുള്ള ഇന്റവ്യു പോലെയാണ് പരിപാടികള്‍ മത്സര രീതിയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. വിജയികള്‍ക്ക് ട്രംബിന്റെ കമ്പനിയില്‍ ബിസനസ്സ് തുടങ്ങാന്‍ രണ്ടു ലക്ഷത്തി അമ്പതിനായിരം ഡോളര്‍ സമ്മാനവും കൊടുക്കും. ട്രംബ് അവതാരകനായ ഈ പരിപാടിയില്‍ ഓരോ പരമ്പരയില്‍നിന്നും (എപ്പിസോഡ്) ഓരോരുത്തരെ പുറത്താക്കും.”യൂ ആര്‍ ഫയേര്‍ഡെന്നു’ള്ള ട്രംബിന്റെ തീരുമാനത്തോടെ അയാള്‍ ആ എപ്പിസോഡില്‍ നിന്ന് പുറത്താകുകയും ചെയ്യും. ഒരുവന്റെ ബുദ്ധിവൈഭവവും പാടവവും തിരിച്ചറിയുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്വന്തം നിപുണതയെ മനസിലാക്കിയാല്‍ അതില്‍ അധിപനാകാനുള്ള ശ്രമങ്ങളും നടത്താന്‍ സാധിക്കുന്നു. അധിപനായി കഴിഞ്ഞാല്‍ ചുറ്റുമുള്ള പാടവം പ്രകടിപ്പിക്കുന്നവര്‍ വളരാനുള്ള പ്രേരണാ ശക്തിയുമായിരിക്കും. ഏതാണ്ട് ഈ തത്ത്വ ചിന്തകള്‍ക്ക് സമാനമായിയാണ് ഡോണാള്‍ഡ്­ ട്രംബിന്റെ ടെലിവിഷന്‍ പരിപാടികളും.

ഒബാമാ കെയര്‍ നാശം വിതയ്ക്കുമെന്ന് ട്രംബ് വിശ്വസിക്കുന്നു. അത് ഇല്ലാതാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അമേരിക്കന്‍ ജനതയ്ക്ക് കൂടുതല്‍ പ്രയോജനപ്പെടാന്‍ അത്തരം ഒരു പദ്ധതി ആവിഷ്ക്കരിക്കാന്‍ സ്‌റ്റേറ്റിന് അധികാരം നല്കും. സ്വതന്ത്രമായ മാര്‍ക്കറ്റ് വ്യവസ്ഥയില്‍ അമേരിക്കയിലെ സര്‍വ്വ ജനങ്ങള്‍ക്കും പ്രയോജനപ്പെടത്തക്ക വിധം ഇന്‍ഷുറന്‍സിനെ നവീകരിക്കും. ഒബാമ കെയറിന് ഗുണങ്ങളേറെയുണ്ട്, ദോഷങ്ങളും ഉണ്ട്. ഒബാമാ കെയറനുസരിച്ച് നൂറു പേരില്‍ കൂടുതല്‍ ജോലിക്കാരുള്ള കമ്പനികള്‍ നിര്‍ബന്ധമായും ജോലിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്കണം. അമിത പ്രീമിയം നല്കുന്നതുകൊണ്ട് കമ്പനികളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. കൂടുതല്‍ സാമ്പത്തിക ഭാരം കമ്പനികള്‍ വഹിക്കേണ്ടി വരുന്നു. ഓരോ അമേരിക്കന്‍ പൗരനും നിര്‍ബന്ധമായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം വരുമാനത്തിന്റെ രണ്ടര ശതമാനം പിഴ അടക്കേണ്ടി വരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം രണ്ടു ശതമാനം അമേരിക്കക്കാര്‍ ഇന്‍ഷുറന്‍സ് എടുക്കാതെ പിഴ അടയ്ക്കുകയാണുണ്ടായത്­. എത്ര തീരാവ്യാധിയുള്ളവര്‍ക്കും ഇന്‍ഷുറന്‍സ് നിരസിക്കാന്‍ പാടില്ലെന്നുണ്ട്. മുന്‍കാല രോഗങ്ങള്‍ ഉള്ളവര്‍ക്കും ആരോഗ്യപരിപാലന ഇന്‍ഷുറന്‍സ് നല്കുന്നമൂലം കമ്പനികള്‍ അധികചെലവുകള്‍ വഹിക്കേണ്ടി വരുന്നു. ഇത് ഭാവിയില്‍ കമ്പനികള്‍ പ്രീമിയം കൂട്ടാന്‍ കാരണവുമാകുന്നു. നിലവിലുള്ള ഇന്‍ഷുറന്‍സുകള്‍ക്ക്­ മെഡിക്കല്‍ ചെലവുകളില്‍ വാര്‍ഷിക പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ ഒബാമ കെയറിന് ആ പരിധിയില്ല. ഇത്തരം അമിത ചെലവുകള്‍ ഇന്‍ഷുറന്‍സ് വഹിക്കുന്ന കാരണം കമ്പനികള്‍ പാപ്പരാവുകയും ആരോഗ്യ സുരക്ഷാ മേഖലകളില്‍ താല്പ്പര്യം കാണിക്കാതെ വരുകയും ചെയ്യും. അത് അമേരിക്കാ പോലുള്ള മുതലാളിത്ത വ്യവസ്തിയിലുള്ള ഒരു രാജ്യത്തിന്­ വെല്ലുവിളിയുമായിരിക്കും.

നികുതി കാര്യങ്ങളിലും പരിഷ്ക്കാരങ്ങള്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ഇരുപത്തി അയ്യായിരം ഡോളറില്‍ താഴെ വരുമാനമുള്ളവര്‍ക്ക് നികുതി കൊടുക്കേണ്ടാ. നിലവിലുള്ള അനേക ചോദ്യശരങ്ങളുള്ള ഇന്‍കം ടാക്‌സ് ഫോം പൂരിപ്പിക്കേണ്ട ആവശ്യവുമില്ല. ഒരു ചെറിയ ഫോമില്‍ “ഐ വിന്‍­ഞാന്‍ ജയിച്ചുവെന്ന് നികുതി ഫോമില്‍ എഴുതിയാല്‍ മതി. ബിസിനസുകാരുടെ ആദായ നികുതി പതിനഞ്ചു ശതമാനമായി കുറയ്ക്കും. പുറം രാജ്യങ്ങളില്‍ പണം നിക്ഷേപിച്ചവരും കമ്പനികളും ആദായ നികുതി പത്തു ശതമാനം കൊടുത്താല്‍ മതിയാകും. മിനിമം വേതനം എഴേകാല്‍ ഡോളറില്‍ നിന്നും ഉയര്‍ത്തണമെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം.

ട്രംബിനെ ഇസ്ലാമിക വിരോധിയായി രാഷ്ട്രീയ മുതലെടുപ്പുകാര്‍ ചിത്രീകരിക്കുന്നതും കാണാം. “മുസ്ലിമുകളെ ഈ രാജ്യത്ത് പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കണ’മെന്ന് അദ്ദേഹം പറയുന്നു. കാലിഫോര്‍ണിയായില്‍ സാന്‍ ബെര്‍നാഡിനോയില്‍ ഭീകരാക്രമണമുണ്ടായ വെളിച്ചത്തിലായിരുന്നു ട്രംബ് ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ലോകരാജ്യങ്ങളില്‍ വലിയ ഒച്ചപ്പാടുകളും പ്രതിക്ഷേധങ്ങളുമുണ്ടായിരുന്നു. മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ നിന്നാണ് കൂടുതലും അടുത്തകാലത്ത് ഭീകര സംഘടനകള്‍ വളര്‍ന്നത്. അത്തരം രാജ്യങ്ങളില്‍നിന്നു വരുന്ന മുസ്ലിമുകള്‍ക്ക്­ ശക്തമായ നിയന്ത്രണം വേണമെന്ന് ട്രംബ് പറഞ്ഞെങ്കില്‍ അത് തികച്ചും രാജ്യസ്‌നേഹത്തിന്റെ പുറത്താണ്. യൂറോപ്യന്‍ രാജ്യങ്ങളിലെ ഭീകരരുടെ വെളിച്ചത്തിലാണ് ട്രംബ് അപ്രകാരം ഒരു പ്രസ്താവന ചെയ്തത്. ഇസ്ലാമിക ജനതയെ ഒഴിച്ചു നിര്‍ത്തിക്കൊണ്ട് ഒരു ലോകവ്യവസ്ഥിതി സൃഷ്ടിക്കാന്‍ സാധിക്കില്ലെന്നുള്ളത് അമേരിക്കന്‍ ഭരണാധികാരികള്‍ക്കറിയാം. ഇറാനും ഇറാക്കും ഒഴിച്ചുള്ള മുസ്ലിം രാജ്യങ്ങള്‍ മുഴുവന്‍ തന്നെ അമേരിക്കയുടെ സുഹൃത്തുക്കളാണ്. സുഹൃത്തുക്കളായ മുസ്ലിം രാജ്യങ്ങളെപ്പറ്റി ട്രംബ് പരാമര്‍ശിച്ചിട്ടില്ല.

2001 സെപ്റ്റംബറില്‍ വേള്ഡ് ട്രേഡ് സെന്റര്‍ ഭീകരര്‍ തകര്‍ത്തപ്പോള്‍ ന്യൂ ജേഴ്‌സിയിലും അമേരിക്കയുടെ മറ്റു സ്‌റ്റേറ്റുകളിലുമുണ്ടായിരുന്ന അമേരിക്കന്‍ വിരോധികളായ അറബു മുസ്ലിമുകള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയുണ്ടായി. ഈ സാഹചര്യങ്ങളില്‍ ദേശ സ്‌നേഹികളായ മുസ്ലിമുകളെയും ഭീകര ചിന്താഗതിയുള്ള മുസ്ലിമുകളെയും തിരിച്ചറിയാനും പ്രയാസം. ഭീകരത വളര്‍ത്താന്‍ ഒരു രാജ്യവും അനുവദിക്കില്ല. അത്തരം നയപരിപാടികള്‍ ട്രംബ് ഉള്‍പ്പെടുത്തിയെങ്കില്‍ അത് അമേരിക്കയ്ക്ക് ഗുണപ്രദമെന്നും ചിന്തിച്ചാല്‍ മതിയാകും. ഒരു രാജ്യത്ത് താമസിക്കുമ്പോള്‍ ആ രാജ്യത്തോട് കൂറു കാണിക്കണമെന്ന് ഇസ്ലാമിക തത്ത്വങ്ങളിലുള്ളതാണ്. ഭൂരിഭാഗം ഇസ്ലാമികളും രാജ്യസ്‌നേഹികളെന്ന വസ്തുതയും കണക്കിലാക്കണം. സാധാരണ ഭീകരരുടെ കേന്ദ്രങ്ങള്‍ ദേവാലയങ്ങളുടെ ചുറ്റുവട്ടത്തായിരിക്കും. അത്തരം സാഹചര്യങ്ങളില്‍ ഭീകരതയെ തടയാന്‍ അമേരിക്കയിലെ മുസ്ലിം മോസ്ക്കുകള്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന ട്രംബിന്റെ അഭിപ്രായങ്ങള്‍ മുസ്ലിം ലോകത്തില്‍ വിവാദങ്ങളായിട്ടുണ്ട്. ഒരു രാജ്യത്തിന്റെ സുരക്ഷതയ്ക്കായി അത്തരം വിഷയങ്ങള്‍ ഒരു പൌരനെന്ന നിലയില്‍ ട്രംബിനു പറയാനുള്ള അവകാശമുണ്ട്. അത് മുസ്ലിം വിരോധമായി കണക്കാക്കാനും സാധ്യമല്ല.

ഐ.എസ്­.എസ് ഇസ്ലാമിക ഭീകരവാദികളോട് പൊരുതാന്‍ കരമാര്‍ഗം കൂടാതെ വെള്ളത്തില്‍ക്കൂടിയുള്ള മാര്‍ഗേണയും അവരുടെ ശക്തികേന്ദ്രങ്ങളില്‍ നുഴഞ്ഞു കയറി യുദ്ധം ചെയ്യണമെന്നുള്ള അഭിപ്രായക്കാരനാണ് ട്രംബ്. ആയിരക്കണക്കിന് മനുഷ്യരുടെ തല മുറിക്കുന്ന ഈ ഭീകര സംഘടനെയെ എന്തു വിലകൊടുത്തും ഇല്ലാതാക്കണമെന്ന ചിന്തയാണ് ട്രംബിനുള്ളത്. ആ നരകത്തില്‍ ബോംബിട്ടു നശിപ്പിക്കുമെന്നു പറയുന്ന മറ്റൊരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയില്ലെന്നും ട്രംബ് അവകാശപ്പെടുന്നു. അവര്‍ക്കു കിട്ടുന്ന ഓയില്‍ ഇല്ലാതാക്കി ആ പ്രസ്ഥാനത്തെ ശൂന്യമാക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നുണ്ട്

യുണൈറ്റഡ് സ്‌റ്റേറ്റും മെക്‌സിക്കോയും തമ്മില്‍ വേര്‍തിരിച്ച് മതിലു പണിയാന്‍ ആദ്ദേഹം ആഗ്രഹിക്കുന്നു. മെക്‌സിക്കോയില്‍ നിന്ന് അനേക കുറ്റവാളികള്‍ രാജ്യത്ത് പ്രവേശിക്കുന്നതാണ് കാരണം. അവരില്‍ അനേകര്‍ മയക്കുമരുന്നു കച്ചവടക്കാരും കൊലയാളികളും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നവരുമാണ്. മതിലുകള്‍ പണിയുന്നെങ്കില്‍ മെക്‌സിക്കോയും അതിന്റെ വീതം തരണമെന്നുള്ള നിബന്ധനയും വെക്കും. അത്തരം ഒരു സാഹസത്തിന് ട്രംബ് മുതിര്‍ന്നാല്‍ രണ്ടേകാല്‍ ബില്ലിയന്‍ മുതല്‍ പത്തു ബില്ല്യന്‍ ഡോളര്‍ വരെ ചെലവ് വരുമെന്നു നിരീക്ഷകര്‍ കണക്കു കൂട്ടുന്നു. നിയമാനുശ്രതമല്ലാതെ അമേരിക്കയില്‍ കുടിയേറിയവരെ നാട് കടത്തണമെന്ന നയമാണ് അദ്ദേഹത്തിനുള്ളത്. അങ്ങനെയുള്ള പതിനൊന്നു മില്ലിയന്‍ കുടിയേറ്റക്കാര്‍ അമേരിക്കയിലുണ്ട്. അവരുടെ മേല്‍ നിയമ നടപടികളുമായി പോവണമെങ്കില്‍ ബില്ലിയന്‍ കണക്കിനു ഡോളര്‍ വരുമെന്നും അനുമാനിക്കുന്നു. രേഖകളില്ലാതെ വന്നവരുടെ മക്കള്‍ക്കും അമേരിക്കന്‍ പൌരത്വം എന്ന ജന്മാവകാശം ഇല്ലാതാക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.

റഷ്യയിലെ വ്‌ലാഡിമിര്‍ പുടിനുമായി നല്ലയൊരു ബന്ധം സ്ഥാപിക്കാനും ട്രംബിനു പദ്ധതിയുണ്ട്. പുരോഗമനപരമായ ഉടമ്പടികളില്‍ റഷ്യയുമായി ഒബാമ ഒപ്പു വെക്കാന്‍ തയ്യാറാകാത്തതിലും ട്രംബ് ഒബാമയെ വിമര്‍ശിക്കുന്നു. ഇന്നുള്ള റഷ്യയുമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ലോകസമാധാനത്തിനായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയുമായി നീതി പൂര്‍വമായ ഒരു സാമ്പത്തികയിടപാട് ആഗ്രഹിക്കുന്നു. ചൈനയുടെ കറന്‍സി വിലയിടിക്കുന്ന നയത്തില്‍ ട്രംബ് വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. തൊഴില്‍ മേഖലകളില്‍ അമേരിക്കകാരുടെ തൊഴിലവസരങ്ങള്‍ പുറം രാജ്യങ്ങള്‍ കൊണ്ടുപോവുന്നതും നിര്‍ത്തല്‍ ചെയ്യും.

തോക്കുകള്‍ക്ക് നിയന്ത്രണം വരുത്തുന്നതിലും അദ്ദേഹം എതിരാണ്. സത്യസന്ധരായവര്‍ക്ക് തോക്കുകള്‍ക്കുള്ള ലൈസന്‍സ് കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് ട്രംബ് വിശ്വസിക്കുന്നു. പരീസ്ഥിതിയ്ക്ക് അദ്ദേഹം പ്രാധാന്യം നല്കുന്നു. ശുദ്ധമായ വായുവും ശുദ്ധമായ വെള്ളവും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് അജണ്ടയിലുണ്ട്. ഇന്നത്തെ തൊഴിലില്ലായ്മ കണക്കുകള്‍ തെറ്റെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഇരുപതു ശതമാനം മുതല്‍ നാല്‍പ്പതു ശതമാനം വരെ അമേരിക്കയില്‍ തൊഴില്‍ രഹിതരുണ്ടെന്നു കണക്കാക്കുന്നു. തൊഴില്‍ സ്ഥിതി വിവര കണക്കുകളനുസരിച്ച് അമേരിക്കയില്‍ തൊഴില്‍രഹിതരായവര്‍ അഞ്ചു ശതമാനം മാത്രമെന്നുള്ള കണക്ക് ട്രംബ് വിശ്വസിക്കുന്നില്ല.

രാജ്യസേവനത്തിനായി പുറംനാടുകളില്‍ അലഞ്ഞു നടന്ന പട്ടാളക്കാരടക്കം അമേരിക്കയിലെ വിമുക്ത ഭടരുടെ ക്ഷേമത്തിനായുള്ള പദ്ധതികളും അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളിലുണ്ട്. അവര്‍ക്ക് നിലവിലുള്ള ആരോഗ്യാ സുരക്ഷാ ഇന്‍ഷുറന്‍സ് അപര്യാപ്തമെന്നും മെച്ചമേറിയ ആരോഗ്യ സുരക്ഷതകള്‍ ആസൂത്രണം ചെയ്യുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു ഡോക്ടറെ കാണാന്‍ അനേക ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നു. ശരിയായ പരിപാലനം ലഭിക്കാത്തതിനാല്‍ അനേകര്‍ മരിച്ചും പോയിട്ടുണ്ട്. ആ പ്രശ്‌നം പരിഹരിക്കാന്‍ വിമുക്ത ഭടന്മാരുടെ മേഖലയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാനാണ് അദ്ദേഹം പദ്ധതിയിട്ടിരിക്കുന്നത്. അവരുടെ ക്ഷേമത്തിനായി ബഡ്ജറ്റില്‍ പണം നീക്കിവെയ്ക്കും. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി കൂടുതല്‍ സ്ത്രീ ഡോക്ടര്‍മാരെ നിയമിക്കും.

സ്ത്രീകളുടെ ഗര്‍ഭച്ഛിദ്രം ട്രംബ് എതിര്‍ക്കുന്നു. കൃസ്ത്യന്‍ സഭകളുടെ യാഥാസ്ഥിതിക ചിന്തകള്‍പോലെ ഭ്രൂണഹത്യ പാപമെന്ന് ട്രംബ് കരുതുന്നു. ഗര്‍ഭം അലസിപ്പിക്കല്‍ പല സംസ്ഥാനങ്ങളിലും നിയമ വിരുദ്ധമാണ്. നിയമത്തെ ലംഘിക്കുന്ന സ്ത്രീകളുടെ പേരിലാണ് സാധാരണ കുറ്റാരോപണങ്ങള്‍ ചുമത്താറുള്ളത്, ഗര്‍ഭം അലസിപ്പിക്കുന്ന ഡോക്ടരുടെ പേരിലും കേസ് ചാര്‍ജ് ചെയ്യണമെന്നാണ് ട്രംബ് ആവശ്യപ്പെടുന്നത്.ട്രംബ് പറയുന്നു, കിം ഡേവീസിനെപ്പോലുള്ളവര്‍ക്ക് മറ്റു ജോലികള്‍ കൊടുക്കും. കെന്‍ടക്കിയിലെ ഒരു കോര്‍ട്ട് ക്ലര്‍ക്കായിരുന്ന അവര്‍ക്ക് യാഥാസ്തിക ചിന്താഗതി മൂലം ജോലി നഷ്ടപ്പെട്ടു. സ്വവര്‍ഗ രതികളായ രണ്ടു പേര്‍ക്ക് വിവാഹത്തിനുള്ള ലൈസന്‍സ് അവര്‍ നിരസിച്ചതായിരുന്നു കുറ്റം. അവരുടെ ക്രിസ്ത്യന്‍ വിശ്വാസം അതിനനുവദിക്കുന്നില്ലായിരുന്നു. ട്രംബ് പറഞ്ഞു, “ഞാന്‍ ഒരു ക്രിസ്ത്യന്‍ വിശ്വാസിയാണ്. അത്തരം ജോലികള്‍ അവര്‍ക്ക് പറ്റിയതല്ല. അത്തരക്കാരുടെ വിശ്വാസത്തിനനുയോജ്യമായ തൊഴില്‍ നല്കും.”

സദാം ഹുസൈനും കദാഫിയും ജീവിച്ചിരുന്ന കാലങ്ങളെക്കാളും അമേരിക്കയിലും ലോകത്തും ഭീകരത പതിന്മടങ്ങു വര്‍ദ്ധിച്ച കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിക്കാറുണ്ട്. അമേരിക്കയിലുള്ള സിറിയന്‍ അഭയാര്‍ത്ഥികളെ മടക്കി അയക്കണമെന്ന നയമാണ് അദ്ദേഹത്തിനുള്ളത്. പാരീസ് ആക്രമണം ഒരു പാഠമായും ചൂണ്ടികാണിക്കുന്നു. ഏതാനും ഭീകരര്‍ തീരുമാനിച്ചാല്‍ ഈ രാജ്യത്ത് ഭീകരാക്രമണം അഴിച്ചുവിടാന്‍ സാധിക്കുമെന്നാണ് നിഗമനം. അതുകൊണ്ട് സിറിയാക്കാരെ ഈ രാജ്യത്ത് കുടിയിരുത്തിയാല്‍ അതിനെ എതിര്‍ക്കുമെന്നും അവരെ രാജ്യം കടത്തുമെന്നും അദ്ദേഹം പറയുന്നു.

ജപ്പാനും സൌത്ത് കൊറിയായും ന്യൂക്ലീയര്‍ ബോംബുകള്‍ വിപുലീകരിക്കണമെന്നും ട്രംബ് ആഗ്രഹിക്കുന്നു. അമേരിക്കയ്ക്ക് എല്ലാ കാലങ്ങളിലും ഉത്തരവാദിത്വങ്ങള്‍ വഹിക്കാന്‍ സാധിച്ചെന്നിരിക്കില്ല. ന്യൂക്ലീയര്‍ യുദ്ധം ജപ്പാനും നോര്‍ത്ത് കൊറിയയും തമ്മിലുണ്ടായാല്‍ അതിന്റെ ദുരന്തഫലങ്ങള്‍ ഭയാനകവും ഭീകരവുമായിരിക്കും. അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. നാറ്റോ സഖ്യത്തില്‍ നിന്നും അമേരിക്കാ പിന്മാറണമെന്നും അദ്ദേഹം പറയുന്നു. കാരണം സഖ്യയുടമ്പടിയനുസരിച്ച് നാറ്റോയുടെ നിലനില്‍പ്പിനായി അമേരിക്കാ മറ്റേതു രാജ്യങ്ങളെക്കാള്‍ സാമ്പത്തിക ബാധ്യത ഏറ്റെടുത്തിട്ടുണ്ട്.

അമേരിക്കയുടെ വിദേശ നയങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ക്കായും ട്രംബ് ആഗ്രഹിക്കുന്നു. വിദേശനയ രൂപീകരണങ്ങളില്‍ രാജ്യത്തിന്റെ സുരക്ഷിതത്വവും താല്പര്യവുമായിരിക്കണം മുഖ്യമെന്നും അദ്ദേഹം പറയുന്നു. 1940­കളില്‍ നാസികളെയും ജപ്പാന്‍ സാമ്രാജ്യവാദികളെയും അമര്‍ച്ച ചെയ്ത് ലോകത്തെ രക്ഷിച്ചതില്‍ അമേരിക്കയ്ക്കഭിമാനിക്കാം. കമ്യൂണിസത്തിന്റെ സര്‍വ്വാധിപത്യം തകര്‍ത്ത് വീണ്ടും ലോകത്തെ രക്ഷിച്ചു. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ശീതസമരത്തില്‍ അമേരിക്കാ വിജയിച്ചു. ജര്‍മ്മനിയിലെ മതില്‍ക്കെട്ടുകള്‍ ഇടിച്ചുതകര്‍ത്തത്­ മറ്റൊരു വിജയമായിരുന്നു. ഈ രാജ്യത്തിന്റെ യശസുയര്‍ത്തിയ നേട്ടങ്ങളെ ചരിത്രമൊരിക്കലും മറക്കില്ല. വിജയങ്ങള്‍ ഒരു പ്രകാശ വലയംപോലെ അമേരിക്കന്‍ മനസുകളെ അഭിമാനപുളകിതരാക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ ശീതസമരത്തിനു ശേഷം അമേരിക്കയുടെ വിദേശനയം തെറ്റായ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. യുക്തിരഹിതങ്ങളായ വിദേശ നയങ്ങളാണ് പിന്നീടുള്ള ഭരണാധികാരികള്‍ സ്വീകരിച്ചത്. ഒന്നിനു പുറകെ ഒന്നായി ദുരന്തങ്ങള്‍ ഈ മണ്ണില്‍ വേരുറച്ചു. ഇറാക്കിലും ലിബിയായിലും തെറ്റുകളുടെ കൂമ്പാരങ്ങള്‍ അമേരിക്കാ കുന്നുകൂട്ടി. സിറിയായുടെ മണ്ണിലും പരാജയങ്ങള്‍ ഏറ്റുവാങ്ങി. അവിടെ ഐ.എസ്.ഐ.എസ് എന്ന ഭീകര സംഘടന രൂപം കൊണ്ടു. അവര്‍ക്കു വളരാനുള്ള സാഹചര്യങ്ങളും ഭീകരാന്തരീക്ഷവും അമേരിക്കാ തുറന്നു കൊടുത്തു. അമേരിക്കന്‍ സാമ്പത്തികം തകര്‍ന്നു. സൈനികരുടെ മനോവീര്യം ഇല്ലാതായി. സാമ്പത്തിക അപര്യാപ്തത ഒരോ വര്‍ഷവും ഒരു ട്രില്ലിയന്‍ ഡോളറിനു മേലെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ രാജ്യത്ത് സാമ്പത്തികമാന്ദ്യം വരുത്തിക്കൊണ്ട് അമേരിക്കാ മറ്റുള്ള രാജ്യങ്ങളെ പുതുക്കി പണിയാനുള്ള ശ്രമത്തിലാണ്. രാജ്യത്തിലെ തൊഴിലവസരങ്ങള്‍ മറ്റു രാജ്യക്കാര്‍ കവര്‍ന്നെടുക്കുന്നതില്‍, ഇന്നുള്ള ഭരണകൂടങ്ങള്‍ കണ്ണടക്കുന്ന സ്തിതിവിശേഷമാണുള്ളത്. അമേരിക്കയുടെ സങ്കീര്‍ണ്ണമായ ഇത്തരം പ്രശ്‌നങ്ങള്‍ മനസിലാക്കുന്ന ഏക പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംബ് മാത്രമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. മറ്റു സ്ഥാനാര്‍ത്ഥികള്‍ ശ്രദ്ധിക്കപ്പെടാഞ്ഞ ഇത്തരം പ്രതിസന്ധിഘട്ടങ്ങള്‍ പരിഹരിക്കുമെന്നും ട്രംബ് അമേരിക്കന്‍ ജനതയ്ക്ക് വാഗ്ദാനങ്ങളും നല്കുന്നുണ്ട്. പുതിയ ലോകം, പുതിയ അമേരിക്കാ അതാണ്­ രാഷ്ട്ര പുനരുദ്ധാരണത്തില്‍ ഡോണാള്‍ഡ് ട്രംബ് കാണുന്ന ഭാവനകളും സ്വപ്നങ്ങ­ളും.