പുത്തന്‍ താരജോഡികളുമായി ഹലോ നമസ്‌തേ ഫെബ്രുവരി 12-ന്

hellownamasthe_pic1

4/2/2016
ജോയിച്ചന്‍ പുതുക്കുളം

ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് യു.എസ്.എയുടെ ബാനറില്‍ ഡോ. ഫ്രീമു വര്‍ഗീസ് നിര്‍മ്മിക്കുന്ന ‘ഹലോ നമസ്‌തേ’ ഫെബ്രുവരി 12-ന് തീയേറ്ററുകളിലെത്തും. വിനയ് ഫോര്‍ട്ട് – ഭാവന, സഞ്ജു ശിവറാം- മിയ ജോര്‍ജ് എന്നീ താരജോഡികളെ മലയാളത്തിനു സമ്മാനിക്കുന്ന ചിത്രം നവാഗതനായ ജയന്‍ കെ. നായര സംവിധാനം ചെയ്യുന്നു.

മികച്ച സ്വഭാവ നടനായി പ്രേക്ഷകപ്രീതി നേടിയ വിനയ് ഫോര്‍ട്ടിനൊപ്പം ‘നീ കൊഞാ ചാ’, ‘1983’ ഫെയിം സഞ്ജുവും ഇതോടെ മലയാള നായകനിരയിലേക്ക് കടക്കുന്നു. ഹലോ എഫ്.എമ്മിലെ അവതാരകരും സുഹൃത്തുക്കളുമായ ആര്‍.ജെ. മാധവും, ആര്‍.ജെ. ജെറിയും അടുത്തടതുത്ത വീടുകളിലായി ഭാര്യാസമേതരായി താമസം തുടങ്ങുമ്പോള്‍ അവരുടെ ജീവിതത്തില്‍ വന്നുഭവിക്കുന്ന മാറ്റങ്ങളാണ് നര്‍മ്മത്തില്‍ പൊതിഞ്ഞ് ചിത്രം പറയുന്നത്.

ഒട്ടേറെ കോമഡി സൂപ്പര്‍ ഹിറ്റുകള്‍ എഴുതിയിട്ടുള്ള കൃഷ്ണ പൂജപ്പുരയാണ് രചയിതാവ്. വിജയ് യേശുദാസ് ആലപിച്ച മറ്റൊരു ഗാനത്തിനു പിന്നില്‍ ഒരു അച്ഛനും മകനുമാണ് – കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ദീപാങ്കുരന്റെ സംഗീതം.

ഛായാഗ്രാഹകന്‍ പി. സുകുമാര്‍ ഒരിടവേളയ്ക്കുശേഷം ഹലോ നമസ്‌തേയ്ക്കുവേണ്ടി കാമറ ചലിപ്പിക്കുന്നു. മുകേഷ്, അജു വര്‍ഗീസ്, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, പി. ബാലചന്ദ്രന്‍, മുത്തുമണി, കെ.പി.എ.സി ലളിത, പ്രദീപ് കോട്ടയം, ‘കറുത്തമുത്ത്’ ഫെയിം ബേബി അക്ഷര തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. എഡിറ്റര്‍- അയൂബ് ഖാന്‍, ക്രിയേറ്റീവ് ഡയറക്ടര്‍- ദേവന്‍.