ഫീനിക്‌സ് ഹോളിഫാമിലിയില്‍ ഗ്രജ്വേറ്റുകള്‍ക്ക് അനുമോദനം

08:05am 15/5/2016
– മാത്യു ജോസ്
Newsimg1_23955485
ഫീനിക്‌സ്: ഹോളിഫാമിലി സണ്‍ഡേ സ്കൂളില്‍ നിന്നും വിശ്വാസപരിശീലനത്തില്‍ പന്ത്രണ്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയവരെ അനുമോദിക്കുന്നതിനും പ്രാര്‍ത്ഥനാശംസകള്‍ നേരുന്നതിനുമായി ഇടവകാംഗങ്ങള്‍ ഒത്തുചേര്‍ന്നു. അനുമോദന സമ്മേളനത്തിന് ഒരുക്കമായി നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ കാര്‍മികത്വം വഹിച്ചു. വിശ്വാസപഠനം ജീവിതത്തിലെ ഏതെങ്കിലുമൊരു പ്രത്യേക ഘട്ടത്തില്‍ അവസാനിക്കുന്നില്ല. മരണം വരെ വിശ്വാസം പരിശീലിക്കാനും ജീവിക്കാനുമാണ് ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും ഫാ. ജോര്‍ജ് പറഞ്ഞു. പരിശീലിക്കുന്ന വിശ്വാസം അനുദിന ജീവിതത്തില്‍ പ്രായോഗികമാക്കുവാനും സത്യസന്ധമായി പഠിപ്പിക്കുന്നതിനും ക്രൈസ്തവന് കടമയുണ്ടെന്ന് അച്ചന്‍ കൂട്ടിച്ചേര്‍ത്തു.

അഭിനന്ദനാര്‍ഹമായ നിലയില്‍ ഗ്രാജ്വേഷന്‍ കരസ്ഥമാക്കിയവരെ അനുമോദിച്ചുകൊണ്ട് സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ സാജന്‍ മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ആന്റോ യോഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു. ബിരുദധാരികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും, ഇടവകയിലെ വിന്‍സെന്റ് ഡി പോള്‍ പ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്കാരങ്ങളും വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ സമ്മാനിച്ചു. ഡോ. സജിത് ജോസഫ്, ജോളി തോമസ് എന്നിവര്‍ പരിപാടികളുടെ മുഖ്യ സംഘടാകരായിരുന്നു. മാത്യു ജോസ് അറിയിച്ചതാണിത്.