16/02/2016
ഗുവാഹതി: ദക്ഷിണേഷ്യന്‍ ഗെയിംസ് ഹോക്കിയിലെ തിരിച്ചടിക്കു പിന്നാലെ പുരുഷ ഫുട്ബാളിലും ഫൈനലില്‍ തോല്‍വി. നേപ്പാളിനോട് 1-2നാണ് ഇന്ത്യ തോറ്റത്. വനിതകള്‍ നേപ്പാളിനെ 4-0ത്തിന് തകര്‍ത്ത് സ്വര്‍ണം നേടി. ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സബ്സ്റ്റിറ്റിയൂട്ടായി കളത്തിലത്തെിയ മധ്യനിര താരം പ്രകാശ് ബുധതോക്കിയും സ്‌ട്രൈക്കര്‍ നവ്യുഗ് ശ്രേഷ്ഠയുമാണ് നേപ്പാളിന്റെ ഗോളുകള്‍ക്കുടമ. ഹാളിചരണ്‍ നര്‍സാരിയാണ് ഇന്ത്യയുടെ സ്‌കോറര്‍. 31ാം മിനിറ്റില്‍ ഹാളി ചരണ്‍ ഇന്ത്യയെ മുന്നിലത്തെിച്ചെങ്കിലും 65, 71 മിനിറ്റുകളില്‍ നേപ്പാള്‍ വലകുലുക്കി സ്വര്‍ണം നേടി.
വനിതകളില്‍ സൂപ്പര്‍ താരം നായിക ബെംബെം ദേവിയുടെ വിടവാങ്ങല്‍ മത്സരംകൂടിയായ ഫൈനലില്‍ ഇരട്ടഗോള്‍ നേടിയ കമല ദേവി യുമ്‌നമായിരുന്നു മികച്ചുനിന്നത്. ബാലാദേവിയും ആഷാലത ദേവിയുമായിരുന്നു മറ്റു സ്‌കോറര്‍മാര്‍.