ഫോമ തെരഞ്ഞെടുപ്പ്: മാപ്പ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.

03:56pm 14/5/2016
– സിജു ജോണ്‍
Newsimg1_58771205
ഫിലഡല്‍ഫിയ: ജൂലൈ മാസത്തില്‍ മയാമിയില്‍ വെച്ച് സംഘടിപ്പിക്കുന്ന ഫോമയുടെ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തപ്പെടുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചു. നാഷണല്‍ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ഥി ആയി മത്സരിക്കുന്ന അലക്‌സ് അലക്‌സാണ്ടര്‍, ഫോമ മിഡ്­അറ്റ്‌ലാന്റിക് റീജിയന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി മത്സരിക്കുന്ന സാബു സ്കറിയ എന്നിവരാണ് നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചത്. ഫോമ മിഡ്­അറ്റ്‌ലാന്റിക് റീജിയന്റെ കീഴിലുള്ള എല്ലാ അംഗ സംഘടനകളുടേയും പരിപൂര്‍ണ പിന്തുണയോടെയാണ് ഇരുവരും മത്സരിക്കുന്നതെന്നത് പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു.

മാപ്പിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അലക്‌സ് അലക്‌സാണ്ടര്‍, ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിലും, കോഴഞ്ചേരി സംഗമത്തിലും പ്രവര്‍ത്തിച്ചു വരുന്നു. മാപ്പിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം, സ്‌പോര്‍ട്‌സ്­ ചെയര്‍മാന്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള സാബു സ്കറിയ ഇപ്പോള്‍ മാപ്പിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗമാണ്. കൂടാതെ ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ കേരള­- പെന്‍സില്‍വാനിയ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി എന്നീ നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാമനിര്‍ദേശപത്രിക ഒപ്പുവെക്കുന്ന ചടങ്ങില്‍ മാപ്പിന്റെ പ്രസിഡന്റ് ഏലിയാസ്­ പോള്‍, ജനറല്‍ സെക്രട്ടറി ചെറിയാന്‍ കോശി, സെക്രട്ടറി സിജു ജോണ്‍, ട്രഷറര്‍ യോഹന്നാന്‍ ശങ്കരത്തില്‍, അക്കൗണ്ടന്റ് ജോണ്‍സന്‍ മാത്യു തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു. ഫോമയുടെ ആരംഭകാലം മുതല്‍ക്കുതന്നെ സംഘടനയെ ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) ഫോമയുടെ ഏറ്റവും വലിയ അംഗസംഘടനകളില്‍ ഒന്നാണ്. അതുകൊണ്ടുതന്നെ മാപ്പില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ക്ക് ഫോമയുടെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കാനാകുമെന്ന് നേതാക്കള്‍ വിലയിരുത്തി. ­­­­­­­­­­­­­­­സെക്രട്ടറി സിജു ജോണ്‍ അറിയിച്ചതാണിത്.