09.27 AM 28/10/2016
ബംഗളുരുവിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് മലപ്പുറത്തു നിന്ന് മന്ത്രി കെ.ടി ജലീല്‍ ഫ്ലാഗ് ഓഫ് ചെയ്ത ലോറികള്‍ മാലിന്യം തട്ടിയത് കോയമ്പത്തൂരിലെ കൃഷിയിടത്തില്‍. മലപ്പുറം, കോഴിക്കോട് സ്വദേശികളായ 24 ലോറി ഡ്രൈവര്‍മാരെ കോയമ്പത്തൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ചേലേമ്പ്ര പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ റീസൈക്ലിങ്ങ് യൂണിറ്റിലേക്ക് കൊണ്ടുപോകുന്നതിന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മന്ത്രി കെ.ടി ജലീല്‍ ഫ്ലാഗ് ഓഫ് ചെയ്തത്. ഇതടക്കം മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ആശുപത്രി മാലിന്യങ്ങളും പ്ലാസ്റ്റിക്കും, അഴുകിയ പേരില്‍ പച്ചക്കറികളുമടക്കം ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ബാംഗ്ലൂരിലേക്ക് കൊണ്ടു പോകാന്‍ രേഖകളെടുത്ത ശേഷം കോയമ്പത്തൂര്‍ ചാവടിയിലെ കൃഷിയിടത്തില്‍ തട്ടിയത്. നിരവധിലോറികള് ഒന്നിച്ചെത്തി ഗതാഗതം തടസ്സപ്പെട്ടതോടെ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ഒരു ദിവസം കൊണ്ടുണ്ടായ മാലിന്യം കൂമ്പാരം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്.
വിവിധ ജില്ലകളില്‍ നിന്ന് മാലിന്യ നീക്കത്തിന് കരാറെടുത്ത കോഴിക്കോട് സ്വദേശി സാജിദ് ബാംഗ്ലൂരിലെ സംസ്കരണ പ്ലാന്റിലേക്കെന്ന ഡ്രൈവര്‍മാരെ വിശ്വസിപ്പിച്ച് ലോഡ് ചാവടി എട്ടിമടയില്‍ തട്ടുകയായിരുന്നു. നാട്ടുകാര്‍ തടഞ്ഞിട്ട 24 ലോറികളിലെയും ഡ്രൈവര്‍മാരെ കോയമ്പത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തങ്ങള്‍ വഞ്ചിക്കപ്പെട്ടതാണെന്നും മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് കോയമ്പത്തൂര്‍ ജയിലിലുള്ള ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നത്. അതേ സമയം മാലിന്യങ്ങള്‍ തരം തിരിക്കാനാണ് ചാവടിയില്‍ തട്ടിയതെന്നും ആശുപത്രി മാലിന്യങ്ങളില്ലെന്നും കറാറുകാരന് സി പി സാജിദ് പറഞ്ഞു.