03:34pm 9/3/2016
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗൗതം ബുദ്ധാനഗര്‍ ജില്ലയില്‍ ബലാത്സംഗത്തിന് ശേഷം തീ കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കവെ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നൂറ് ശതമാനവും പെള്ളലേറ്റ പതിനഞ്ചുകാരി ബുധനാഴ്ച പുലര്‍ച്ചെ 3.30നാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് കൈമാറും. പ്രതിക്കെതിരെ മാനഭംഗക്കുറ്റത്തോടൊപ്പം കൊലക്കുറ്റവും ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അശ്വനികുമാര്‍ എന്നയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സമീപവാസിയായ അശ്വനികുമാര്‍ നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് പത്താംക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിക്ക് സ്കൂള്‍ പഠനം നിര്‍ത്തേണ്ടി വന്നിരുന്നു. പിന്നീട് ട്യൂഷനായി പുറത്തുപോകുന്ന സമയത്തും ഇയാള്‍ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് പുറത്ത് പോകാന്‍ കഴിയാറില്ലെന്നും മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ ഏകദേശം 2 മണിയോടു കൂടി അശ്വനികുമാര്‍ പെണ്‍കുട്ടി താമസിക്കുന്ന വീടിന്റെ മുകളിലേക്ക് കയറുകയും ബലാത്സംഗം ചെയ്തതിന് ശേഷം തീയിട്ടു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. നിലവിളി കേട്ടതിനെ തുടര്‍ന്ന് ഓടിയെത്തിയ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.