സൂറിക്: ജര്‍മന്‍ ഫുട്ബാള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ക്കെതിരെ ഫിഫ എത്തിക്‌സ് കമ്മിറ്റിയുടെ നടപടി. അഴിമതി അന്വേഷണത്തില്‍ സഹകരിച്ചില്ല എന്നാരോപിച്ച് അദ്ദേഹത്തെ താക്കീത് ചെയ്യുകയും 7000 സ്വിസ് ഫ്രാങ്ക് (7055 ഡോളര്‍) പിഴചുമത്തുകയും ചെയ്തു. 2018, 2022 ഫിഫ ലോകകപ്പ് വേദി ലേലം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ബെക്കന്‍ബോവര്‍ സഹകരിച്ചില്‌ളെന്നാണ് എത്തിക്‌സ് കമ്മിറ്റി കുറ്റപ്പെടുത്തുന്നത്. നേരിട്ടുള്ള ചോദ്യംചെയ്യലിലും എഴുതിനല്‍കിയ ചോദ്യങ്ങള്‍ക്കുമൊന്നും മറുപടി നല്‍കാന്‍ തയാറായില്‌ളെന്നും എത്തിക്‌സ് പാനല്‍ വ്യക്തമാക്കി. 2006 ലോകകപ്പ് ജര്‍മനിക്ക് അനുവദിച്ചതുമായി ഇപ്പോഴത്തെ അന്വേഷണങ്ങള്‍ക്ക് ബന്ധമില്‌ളെന്നും പാനല്‍ അറിയിച്ചു. കളിക്കാരനായും കോച്ചായും ലോകജേതാവായിട്ടുള്ള ബെക്കന്‍ബോവര്‍ ജര്‍മനി കണ്ട മഹാന്മാരായ കായികതാരങ്ങളില്‍ ഒരാളാണ്. 70കാരനായ ബെക്കന്‍ബോവറിനെ ജര്‍മനി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ ചോദ്യം ചെയ്തിരുന്നു. റഷ്യക്കും (2018), ഖത്തറിനും (2022) അനുവദിക്കപ്പെട്ട വേദി നിര്‍ണയത്തില്‍ വോട്ടുചെയ്ത 22 പേരില്‍ ഒരാളാണ് ബെക്കന്‍ബോവര്‍. കഴിഞ്ഞ വര്‍ഷം നിസ്സഹരണത്തിന്റെ പേരില്‍ അദ്ദേഹത്തെ ഫിഫ വിലക്കിയിരുന്നു