1:50pm 25/3/2016
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ബല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലുണ്ടായ സ്‌ഫോടനത്തെതുടര്‍ന്ന് അവിടെ കുടുങ്ങിപ്പോയ 214 പേര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി. ഇതില്‍ 70 പേര്‍ ഡല്‍ഹി നിവാസികളും 28 പേര്‍ വിമാനത്തിലെ ജീവനക്കാരുമാണ്. യാത്രാക്കാരുമായി ഇന്ന് പുലര്‍ച്ചെ 5.10ന് ഡല്‍ഹി അനതാരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ജെറ്റ് എയര്‍വേയ്‌സ് വിമാനം ഡല്‍ഹിയില്‍ യാത്രാക്കാരെ ഇറക്കിയ ശേഷം മുംബൈയിലേക്ക് തിരിച്ചു.
സ്‌ഫോടനത്തില്‍ പരിക്കേറ്റ രണ്ടു വിമാന ജീവനക്കാര്‍ ഇപ്പോഴും ബ്രസല്‍സിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ ബ്രസല്‍സിലെ വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തില്‍ 14പേരും മെട്രോ സ്‌റ്റേഷനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 20 പേരും മരിച്ചിരുന്നു.