04:00 PM 31/10/2016
ഭോപാൽ: ഭോപാലിൽ ജയിൽ ചാടിയവരെ ഏറ്റുമുട്ടലിലൂടെ വധിച്ച സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസും ആം ആദ്മി പാർട്ടിയും. ഭോപാൽ സെൻട്രൽ ജയിലിൽ നിന്ന്രക്ഷപെട്ട എട്ട് പ്രതികളെ മണിക്കൂറുകൾക്കകം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. ഇക്കാര്യത്തിൽ സംശയവും ദുരൂഹതയും പ്രകടിപ്പിച്ച് കോൺഗ്രസും ആം ആദ്മി പാർട്ടിയുമാണ് രംഗത്തെത്തിയത്.
‘അവർ ജയിൽ ചാടിയതാണോ അതോമുൻകുട്ടി തയാറാക്കിയ പദ്ധതിപ്രകാരം അവരെ പോകാൻ അനുവദിച്ചതാണോ’ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്വിജയ് സിങ് ട്വീറ്റ് ചെയ്തു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ദിഗ്വിജയ് സിങ് ആവശ്യപ്പെട്ടു.
ജയിൽ ചാടിയ എല്ലാവരും ഒേരസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടത് എങ്ങനെയാണെന്ന് ആം ആദ്മി പാർട്ടി എം.എൽ.എ അൽക്ക ലാംബ ചോദിച്ചു. ജയിൽപുള്ളികൾ രക്ഷപെട്ടത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് കമൽനാഥും ആവശ്യപ്പെട്ടു.
തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് വിചാരണ തടവുകാരായ എട്ട് പ്രതികൾ ജയിൽ ചാടിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ കടന്നു കളയുകയായിരുന്നു. ജയിൽ ചാടിയ പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. ഭോപ്പാലിന്റെ അതിർത്തി ഗ്രാമമായ എയിൻത്കെടിയിൽ വെച്ചാണ് പൊലീസും ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിൽ ഇവരെ കൊല്ലപ്പെടുത്തിയത്.