09.27 AM 30/10/2016
മക്ക പ്രവിശ്യയില്‍ നിയമലംഘനം നടത്തിയ ആയിരക്കണക്കിന് ടാക്സി കാറുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. ഇരുപത് ശതമാനം ടാക്സികളും നിയമ ലംഘനം നടത്തുന്നതായി പരിശോധനയില്‍ കണ്ടെത്തി. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞയാഴ്ചയാണ് അനധികൃത ടാക്സി സര്‍വീസുകള്‍ കണ്ടെത്താന്‍ പരിശോധന ആരംഭിച്ചത്.
മക്ക, ജിദ്ദ, തായിഫ് എന്നീ ഭാഗങ്ങളില്‍ നിന്ന് മാത്രം ഇതുവരെ 1064 ടാക്സി കാറുകള്‍ പിടിച്ചെടുത്തു. ജിദ്ദയില്‍ 20 ശതമാനം ടാക്സികളും നിയമലംഘനം നടത്തുന്നതായി പരിശോധനയില്‍ കണ്ടെത്തി. മക്ക പോലീസിന്റെ മേല്‍നോട്ടത്തില്‍ ട്രാഫിക് വിഭാഗമാണ് പരിശോധന നടത്തുന്നത്. ടാക്സി സര്‍വീസുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ പുതിയ കാമ്പയിന് ആരംഭിച്ചിരിക്കുന്നത്. ആറു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ടാക്സി കാറുകളും ഗതാഗത നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കാറുകളും പിടിച്ചെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പുറമേ മതിയായ രേഖകള്‍ ഇല്ലാത്ത ടാക്സി ഡ്രൈവര്‍മാരും ലൈസന്‍സ് കാലാവധി തീര്‍ന്ന കാറുകളും പരിശോധനയില്‍ പിടിക്കപ്പെട്ടു.
520 ടാക്സി സര്‍വീസ് കമ്പനികള്‍ ജിദ്ദയിലുണ്ട്. നിയമലംഘനം നടത്തുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുക, വാഹനം പിടിച്ചെടുക്കുക തുടങ്ങിയ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജിദ്ദാ ചേംബര്‍ ഓഫ് കൊമ്മെഴ്സിലെ ടാക്സി കമ്മിറ്റി പ്രതിനിധി അബ്ദുള്ള അല്‍ കര്ഷാമി അറിയിച്ചു. തുടര്‍ച്ചയായ പരിശോധന നടത്താനും പ്രതിവാര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.