മലയാളി ജവാന്റെ മൃതദേഹത്തോട് കേരള സര്‍ക്കാറിന്റെ അനാദരവ്

02:30pm
15/02/2016
soldiers_1

soldiers_1
ന്യൂഡല്‍ഹി: സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച മലയാളി ജവാന്‍ ബി. സുധീഷിന്റെ മൃതദേഹത്തോട് കേരള സര്‍ക്കാറിന്റെ അനാദരവ്. ഡല്‍ഹി വിമാനത്താവളത്തില്‍ 11 മണിക്ക് എത്തിച്ച മൃതദേഹം ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ പ്രതിനിധി എത്തിയിരുന്നില്ല. അതേസമയം, മറ്റ് ജവാന്മാരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ അതാത് സംസ്ഥാനങ്ങളിലെ റസിഡന്റ് കമീഷണര്‍മാര്‍ എത്തിയിരുന്നു. അവര്‍ മൃതദേഹത്തില്‍ ആദരമര്‍പ്പിക്കുകയും ചെയ്തു. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശിയാണ് ലാന്‍സ് നായിക് ബി. സുധീഷ്.

ആറു ദിവസം മുമ്പ് സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ലേയിലെ ബേസ് ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്നാണ് ഇന്നു രാവിലെ ഡല്‍ഹിയിലെത്തിച്ചത്.

സുബേദാര്‍ നാഗേശ, ലാന്‍സ് നായിക് ഹനുമന്തപ്പ, സിപോയ് മഹേഷ് (കര്‍ണാടക), ഹവില്‍ദാര്‍ ഏലുമലൈ, സിപോയ് ഗണേശന്‍, സിപോയ് രാമമൂര്‍ത്തി, ലാന്‍സ് ഹവില്‍ദാര്‍ എസ്. കുമാര്‍ (തമിഴ്‌നാട്), സിപോയ് മുഷ്താഖ് അഹമ്മദ് (ആന്ധ്ര), സിപോയ് സൂര്യവംശി (മഹാരാഷ്ട്ര) എന്നിവരാണ് ഹിമപാതത്തില്‍ മരിച്ച മറ്റ് സൈനികര്‍. അപകടത്തില്‍പ്പെട്ട് ആറു ദിവസങ്ങള്‍ക്ക് ശേഷം ജീവനോടെ കണ്ടെത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പ ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.