മലേഷ്യയില്‍ കപ്പലില്‍നിന്നു വീണുമരിച്ച യുവാവിന്റെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും

07:47am 16/5/2016
images (1)

ചവറ(കൊല്ലം): മലേഷ്യയില്‍ കപ്പലില്‍നിന്നു കടലില്‍ വീണു മരിച്ച ചവറ സ്വദേശി അരുണ്‍ലാല്‍ രവീന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ പൂര്‍ത്തിയാക്കി.
ദെബാമ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ്‌ സര്‍വീസ്‌ എന്ന കമ്പനിയുടെ കപ്പലില്‍ ജോലിചെയ്യവേ കഴിഞ്ഞ 28നു കടലില്‍ വീണാണ്‌ അരുണ്‍ലാല്‍ രവീന്ദ്രന്‍ മരിച്ചത്‌. അരുണ്‍ലാല്‍ രവീന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. മലേഷ്യന്‍ ഹൈക്കമ്മിഷണര്‍ക്കും കേന്ദ്ര വിദേശകാര്യ വകുപ്പു മന്ത്രിക്കും കത്തു നല്‍കിയിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തിലാണു വിദേശകാര്യമന്ത്രാലയവും മലേഷ്യന്‍ ഹൈക്കമ്മിഷനും മൃതദേഹം നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചത്‌.
മലേഷ്യയിലെ സിബു ഹോസ്‌പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച്‌ ഇന്നലെ വിമാനത്തില്‍ ക്വാലാലംപൂരില്‍നിന്നു കൊളംബോയിലേക്കും അവിടെനിന്ന്‌ ഇന്നു തിരുവനന്തപുരത്തും എത്തിക്കുമെന്നു മലേഷ്യന്‍ ഹൈക്കമ്മിഷണര്‍ അറിയിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.