09:29 am 3/11/2016
ഹൂസ്റ്റണ്‍: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഭിമാന സംരംഭമായ “മാധ്യമ ശ്രീ’ പുരസ്കാരദാന സമ്മേളനത്തിന് സര്‍വവിധ പിന്തുണയും അഭിവാദ്യങ്ങളും ആശംസകളും നേരുന്നുവെന്ന് മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്റ് എബ്രഹാം കെ. ഈപ്പന് അറിയിച്ചു. “അമേരിക്കന്‍ മലയാളി മാധ്യമ പ്രവര്‍ത്തനം ശൈശവ അവസ്ഥയിലാണിപ്പോഴും. മതിയായ നിലവാരം പുലര്‍ത്താതെയുള്ള പ്രസിദ്ധീകരണങ്ങള്‍ ഇപ്പോഴും പുറത്തിറങ്ങുന്നുണ്ട്. ഫേസ്ബുക്കില്‍ എഴുതുന്നവര്‍ വരെ വലിയ മാധ്യമ പ്രവര്‍ത്തകരെന്ന് നടിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ശക്തമായ സാന്നിധ്യമുറപ്പിച്ച് പ്രതീക്ഷാ നിര്‍ഭരമായി വളരുന്നു. പ്രൊഫഷണലായ മാധ്യമ പ്രവര്‍ത്തകരുടെ വന്‍ നിരയുള്ള ഈ സംഘടന ഉദാത്തമായ മാധ്യമ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നു…’ എബ്രഹാം ഈപ്പന് അഭിപ്രായപ്പെട്ടു.
“വീണ ജോര്‍ജിനെ പോലെ പ്രശസ്തയും ജനകീയ ഇടപെടല്‍ നിരന്തരം നടത്തുന്നതുമായ ഒരു വ്യക്തിയെ ഈ അവാര്‍ഡിന് തിരഞ്ഞെടുത്തത് തീര്‍ത്തും ഉചിതമാണ്. അത് സമ്മാനിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാകും. അതുപോലെ ടെക്സസില്‍ ഇതാദ്യമായാണ് ഇത്രയും വിപുലമായ ഒരു മാധ്യമ സമ്മേളനം നടക്കുന്നത്. നിഷ്പക്ഷവും മാന്യവുമായ മാധ്യമശീലങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഇന്ത്യ പ്രസ് ക്ലബിനും ഈ മാധ്യമ ശ്രീ അവാര്‍ഡ് വിതരണ സമ്മേളനത്തിനും അവാര്‍ഡ് നേടിയ വീണ ജോര്‍ജ് എം.എല്‍.എയ്ക്കും മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു…’എബ്രഹാം ഈപ്പന് പറഞ്ഞു.
അവാര്‍ഡുകളെ പറ്റി അമേരിക്കന്‍ മലയാളികള്‍ക്ക് പൊതുവായ ചില ധാരണകള്‍ ഉണ്ട്. മിക്കവയും ഒപ്പിച്ചെടുക്കുന്ന പുരസ്കാരങ്ങളാണ്. അത്തരം അവാര്‍ഡ് സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കരുതെന്നും ഇന്ത്യ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയിട്ടുള്ള ഈ പുരസ്കാരത്തിന് ഏറെ മൂല്യമുണ്ടെന്നും ഹൂസ്റ്റണില്‍ ഈ സമ്മേളനം നടക്കുന്നതില്‍ തങ്ങള്‍ക്ക് പ്രത്യേക താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൂസ്റ്റണിലെ ഏക മലയാളി സംഘടനയും ഏറ്റവും വലിയ മലയാളി കൂട്ടായ്മയുമായ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണില്‍ 1500 കുടുംബങ്ങളും മൂവായിരത്തിലേറെ അംഗങ്ങളുമുണ്ട്. എബ്രഹാം കെ. ഈപ്പന്റെ നേതൃത്വത്തില്‍ അനില്‍ ജനാര്ദ്ദനന് (സെക്രട്ടറി), തോമസ് ചെറുകര (വൈസ് പ്രസിഡന്റ്), ജിനു തോമസ് (ട്രഷറര്‍), സുനില്‍ മേനോന് (ജോയിന്റ് സെക്രട്ടറി), തോമസ് സക്കറിയ (ജോയിന്റ് ട്രഷറര്‍) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഈ സെക്യുലര്‍ സംഘനയുടെ ഭാവനാ പൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.