4:10pm 21/3/2016
മുംബൈ: മുംബൈ വിമാനത്താവളം വഴി കടത്താന്‍ ശ്രമിക്കുകയായിരുന്ന 146 നക്ഷത്ര ആമകളെ പിടികൂടിയെന്ന് കസ്റ്റംസ് രഹസ്യാന്വേഷണ വിഭാഗം അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയാണ് ബാഗ് വഴി കടത്തുകയായിരുന്ന ആമകളെ പിടികൂടിയത്. ഇതില്‍ 139 എണ്ണം റേഡിയേറ്റഡ് വിഭാഗത്തിലും ഏഴെണ്ണം അങ്കാനോക്ക ഇനത്തിലും ഉള്‍പ്പെടുന്നവയാണെന്നും ഇതെല്ലാം വംശനാശ ഭീഷണി നേരിടുന്നവയാണെന്നും കസ്റ്റംസ് അസിസസ്റ്റന്റ് കമ്മീഷണര്‍ കിരണ്‍ കുമാര്‍ കര്‍ലപു അറിയിച്ചു. ഇത് സംബന്ധിച്ച മുന്നറിയിപ്പ് വിമാനത്താളത്തില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
മഡഗാസ്‌കറില്‍ നിന്നും കാഡ്മണ്ഡുവിലേക്ക് പോയ യാത്രക്കാരന്‍ ഉപേക്ഷിച്ച ബാഗില്‍ നിന്നാണ് ആമകളെ കണ്ടെടുത്തത്. പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് കൊണ്ടു വന്ന ആമകളില്‍ രണ്ടെണ്ണം പുറം തോട് പൊട്ടിയ നിലയില്‍ ചത്തിരുന്നു. അപൂര്‍വ ഇനത്തില്‍പെട്ട ഇവക്ക് പകര്‍ചവ്യാധി ഭീഷണിയുള്ളതിനാല്‍ ഇന്ത്യയില്‍ സൂക്ഷിക്കാന്‍ കഴിയില്‌ളെന്നും മഡഗാസ്‌കറിലേക്ക് തിരിച്ചയക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.