10.18 AM 30/10/2016
കൊച്ചി : ഉപയോഗിച്ച സാധനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണിയായ ഒഎല്‍എക്സ് വഴി പ്രതിമാസം വിറ്റഴിക്കുന്നത് 200,000 യൂസ്ഡ് കാറുകള്‍. പ്രതിമാസം 370,000 യൂസ്ഡ് കാറുകളാണ് ഒഎല്‍എക്സില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.
പ്രസ്തുത വ്യവസായത്തിലെ കണക്കുകള്‍ പ്രകാരം 275,000 ഉപയോഗിച്ച കാറുകളാണ് ഓരോ മാസവും ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നത്. ഇതില്‍ 72 ശതമാനവും ഒഎല്‍എക്സ് വഴിയാണ്.
ഒഎല്‍എക്സ് വഴി ഓരോ മാസവും വിറ്റഴിക്കപ്പെടുന്ന പഴയ കാറുകളുടെ മൊത്തം മൂല്യം ഒരു കോടി അമേരക്കന്‍ ഡോളറാണ്. യൂസ്ഡ് കാര്‍, മോട്ടോര്‍ സൈക്കിളുകള്‍, പഴയ ഗാര്‍ഹികോപകരണങ്ങള്‍ എന്നീ മേഖലകളില്‍ ഒഎല്‍എക്സിന് 80 ശതമാനം വിപണി പങ്കാളിത്തമാണുള്ളതെന്ന് ഒഎല്‍എക്സ് ഇന്ത്യ സിഇഒ അമര്‍ജിത് സിങ്ങ് ബത്ര പറഞ്ഞു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രമാണ് യൂസ്ഡ് കാര്‍ വിപണി സജീവമായത്. ഓരോ പുതിയ കാര്‍ വില്ക്കുമ്പോഴും ഒപ്പം 1.2 യൂസ്ഡ് കാറും വില്ക്കപ്പെടുന്നുണ്ട്. ഒഎല്‍എക്സിലെ ഓരോ കാര്‍ ലിസ്റ്റിങ്ങും ശരാശരി 1000 തവണയെങ്കിലും വീക്ഷിക്കപ്പെടുന്നുണ്ട്. 52 ശതമാനം ലിസ്റ്റിങ്ങുകളും എത്തുന്നത് മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളില്‍ നിന്നാണ്.
കഴിഞ്ഞ വര്‍ഷം 4000 നഗരങ്ങളില്‍ നിന്നുള്ള സാധന സാമഗ്രികള്‍ ഒഎല്‍എക്സ് വഴി വിറ്റഴിച്ചിരുന്നു. മാരുതി സുസുക്കി, ഹുണ്ടായ്, ടാറ്റാ, മഹീന്ദ്ര, ടൊയോട്ട ബ്രാന്‍ഡുകളാണ് ഒഎല്‍എക്സ് വഴി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. മാരുതി ആള്‍ട്ടോ, മാരുതി സ്വിഫ്റ്റ് ഡിസയര്‍, ടൊയോട്ടാ ഇന്നോവ, മെര്‍സിഡസ് എന്നിവയ്ക്കാണ് കൂടുതല്‍ ജനപ്രിയം.