രഘുറാം രാജനെ പുറത്താക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

3.59 PM 17-05-2016
RBI
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ രഘുറാം രാജനെ ഉടന്‍തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം സുബ്രഹ്മണ്യന്‍ സ്വാമി എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കരുതിക്കൂട്ടി ഇന്ത്യന്‍ സാമ്പത്തിക നില തകര്‍ക്കുന്നതിനാണ് ആര്‍ബിഐ ഗവര്‍ണര്‍ ശ്രമിക്കുന്നത്. സാമ്പത്തികനില തകര്‍ക്കുന്നതിനുള്ള രഘു റാം രാജന്റെ ശ്രമം കണക്കിലെടുത്താണ് പുറത്താക്കാന്‍ ആവശ്യപ്പെടുന്നതെന്നും സ്വാമി കത്തില്‍ പറയുന്നുണ്ട്.
വ്യവസായത്തകര്‍ച്ചയും തൊഴിലില്ലായ്മയുമുണ്ടായത് രഘുറാം രാജന്റെ നയങ്ങള്‍ കാരണമാണെന്ന് സുബ്രഹ്മണ്യം സ്വാമി നേരത്തെ ആരോപിച്ചിരുന്നു. രാജ്യത്തിനു യോജിച്ചയാളല്ല റിസര്‍വ് ബാങ്ക് മേധാവിയുടെ പദവിയി അലങ്കരിക്കുന്നതെന്നും സ്വാമി തുറന്നടിച്ചു. പണപ്പെരുപ്പം തടയാനെന്ന പേരില്‍ പലിശനിരക്കു കൂട്ടിയതു രാജ്യത്തിനു ദോഷമായി. എത്രയും വേഗം രഘുറാം രാജനെ ഷിക്കാഗോയിലേക്കു മടക്കി അയയ്ക്കണം. ഷിക്കാഗോ സര്‍വകലാശാലയിലെ പ്രഫസര്‍ സ്ഥാനത്തുനിന്ന് അവധിയിലാണ് അദ്ദേഹം. രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായ 2013 സെപ്റ്റംബറിനു ശേഷം പലിശനിരക്ക് 7.25 ശതമാനത്തില്‍ നിന്നു ക്രമേണ എട്ടു ശതമാനമായി ഉയര്‍ത്തിയെന്നും സ്വാമി കുറ്റപ്പെടുത്തിയിരുന്നു.