തൃശൂര്‍: രാജ്യത്ത് കള്ളനോട്ട് വ്യാപനം ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. കള്ളനോട്ട് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിവാകാന്‍ ജാഗ്രത പുലര്‍ത്തണമെന്നും കേസില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. പണമിടപാട് നടത്തുമ്പോഴെല്ലാം അലക്ഷ്യമായി കൈകാര്യം ചെയ്യാതെ നോട്ടുകള്‍ ശ്രദ്ധിക്കണമെന്ന് ആര്.ബി.ഐ ആവശ്യപ്പെടുന്നു.
വലിയ അക്ക നോട്ടുകളുടെ വ്യാജനാണ് വന്‍തോതില്‍ പ്രചരിക്കുന്നത്. രാജ്യത്ത് ഏതാണ്ട് എല്ലായിടത്തും എത്തിയിട്ടുണ്ട്. യഥാര്‍ഥ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ക്ക് മികച്ച സുരക്ഷാ മാനദണ്ഡങ്ങളുണ്ട്.ശ്രദ്ധിച്ചാല്‍ കള്ളനോട്ട് തിരിച്ചറിയാം. ഇന്ത്യന്‍ കറന്‍സിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍, വിശദാംശങ്ങള്‍ റിസര്‍വ് ബാങ്ക് വൈബ്സൈറ്റില്‍ ലഭ്യമാണ്. അവ പരിചയപ്പെടുകയും മറ്റുള്ളവരെ അറിയിക്കുകയും വേണം.
കള്ളനോട്ട് നിര്‍മാണം പോലെ കൈവശം വെക്കുന്നതും കൈമാറുന്നതും സ്വീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. അസ്സല് നോട്ടുകള്‍ തിരിച്ചറിയാന്‍ കുറെക്കൂടി സഹായകമാവുന്ന ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുന്നുണ്ടെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.
ബാങ്കുകള്‍ക്കും ആര്.ബി.ഐ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കള്ളനോട്ട് കണ്ടത്തൊന്‍ ജാഗ്രത പുലര്‍ത്തണം. അതിലുപരി, കള്ളനോട്ട് കിട്ടിയാല്‍ അത് തന്നവര്‍ക്കോ ഇടപാടുകളിലൂടെ മറ്റൊരാള്‍ക്കോ കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കള്ളനോട്ട് കണ്ടത്തൊന്‍ അള്‍ട്രാ വയലറ്റ് ലൈറ്റ് ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികള്‍ എല്ലാ ബാങ്കുകളിലും, പണമിടപാട് കൗണ്ടറുകളിലും വേണം. 100നും അതിനു മുകളിലുമുള്ള നോട്ട് ലഭിച്ചാല്‍ പരിശോധനക്ക് മുമ്പ് മറ്റൊരാള്‍ക്ക് കൊടുക്കരുത്.
പണം കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്ക് ജീവനക്കാരും കറന്‍സി സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് പൂര്‍ണ ബോധ്യമുള്ളവരായിരിക്കണം. ബാങ്ക് ഹാള്‍, പ്രത്യേകിച്ച് പണം കൈകാര്യം ചെയ്യുന്ന കൗണ്ടറുകള്‍ സി.സി ടി.വി നിരീക്ഷണത്തിലായിരിക്കണം. നിര്‍ദേശങ്ങള്‍ പാലിക്കാത്തത് ഗൗരവമായി കാണുമെന്നും ആര്.ബി.ഐ പറയുന്നു.