07:25 pm 13/10/2016
– പി.പി. ചെറിയാന്‍
ഡാളസ്: ലഹരി വസ്തുക്കളുടെ ലഭ്യതയും, വിനാശകരമായ സ്വാധീനവും വര്‍ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ ലഹരി വിമോചന ദൗത്യം ഊര്‍ജിതമായി നടപ്പിലാക്കുന്നതിനു സഭ പ്രതിജ്ഞാബദ്ധമാണെന്നു മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ റൈറ്റ് റവ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ജനങ്ങളെ ഉത്‌ബോധിപ്പിച്ചു. ലഹരി, ആസക്തി തുടങ്ങിയ സാമൂഹ്യ പ്രശ്‌നങ്ങളോട് ക്രിയാത്മക പ്രതികരണമായാണ് മാര്‍ത്തോമാ സഭ മദ്യവര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മാരാമണ്‍ മണല്‍പ്പുറത്തുനിന്നും തുടക്കംകുറിച്ച ലഹരിവര്‍ജ്ജന പ്രസ്ഥാനത്തിന്റെ പിന്‍തുടര്‍ച്ചയുടെ ഭാഗമായാണ് എല്ലാവര്‍ഷവും മാരാമണ്‍ കണ്‍വന്‍ഷനില്‍ ബുധനാഴ്ച സാമൂഹ്യ തിന്മകള്‍ക്കായുള്ള പ്രബോധനത്തിനായി വേര്‍തിരിച്ചിട്ടുള്ളത്. അതോടൊപ്പം മാര്‍ത്തോമാ സഭ ആകമാനം ജനുവരി രണ്ടാം ഞായര്‍ ലഹരി വിരുദ്ധ ദിനമായി വേര്‍തിരിക്കുകയും ചെയ്തിട്ടുള്ളത്.
മാര്‍ത്തോമാ സഭയുടെ നേതൃത്വത്തില്‍ ലഹരി വിമോചന രംഗത്ത് നിയോഗിതമായ സോഷ്യല്‍ ഈവിള്‍സ് അവയര്‍നെസ് കാമ്പയിന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ശ്ശാഘനീയമാണ്. ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിനു ഭദ്രാസന തലത്തില്‍ എപ്പിസ്‌കോപ്പമാരുടേയും സെന്റര്‍ തലത്തില്‍ പട്ടക്കാരുടേയും ചുമതലയില്‍ ലഹരി വിമോചന സമിതി രൂപീകരിക്കേണ്ടതാണെന്നും മെത്രാപ്പോലീത്ത നിര്‍ദേശിച്ചു.
മെത്രാപ്പോലീത്തയുടെ അറുപതാമത് പൗരോഹിത്യ ജൂബിലിയോടനുബന്ധിച്ച് അറുപത് സെന്ററുകളില്‍ ലഹരി വിമോചന സമിതികള്‍ രൂപീകരിച്ച് സഭയുടെ ദൗത്യം വിപുലപ്പെടുത്തുന്നതിന് സഭാ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.
വിശ്വാസ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ലഹരി വിമോചന സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലൂടെ സമൂഹത്തില്‍ ക്രിയാത്മക സ്വാധീന ശക്തിയാകാന്‍ ഇടയാകട്ടെ എന്നും മെത്രാപ്പോലീത്ത ആശംസിച്ചു.
നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തില്‍ ഇടവക തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ മെത്രാപ്പോലീത്തയുടെ നിര്‍ദേശങ്ങള്‍ പ്രസക്തമാണ്. മദ്യാസക്തിയുള്ളവര്‍ ഇടവക കൈസ്ഥാന സമിതികളിലേക്കു മത്സരിക്കരുതെന്നും, ഇത്തരക്കാര്‍ മത്സരിക്കുന്നതു കണ്ടെത്തിയാല്‍ വിവരം മെത്രാപ്പോലീത്തയെ അറിയിക്കണമെന്നും സഭാജനങ്ങള്‍ക്ക് മെത്രാപ്പോലീത്ത നിര്‍ദേശം നല്‍കിയിട്ടുണ്ട്.