ലാനാ റീജിയണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18ന് സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍

10:34am 11/5/2016
– പി.പി.ചെറിയാന്‍
unnamed
ന്യൂവാക്ക്(കാലിഫോര്‍ണിയ): ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കാ റീജിയണല്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ജൂണ്‍ 17, 18 തിയ്യതികളില്‍ നടക്കുന്ന ദ്വിദിന സമ്മേളനത്തില്‍ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരായ സേതുവും, പി.കെ. പാറടവും മുഖ്യാതിഥികളായി പങ്കെടുക്കും.
ജൂണ്‍ 17ന് ഉല്‍ഘാടന സമ്മേളനത്തിനുശേഷം ഒ.എന്‍.വി.ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് പരിപാടികള്‍ക്കു ആരംഭം കുറിക്കുക.

കവിത, നോവല്‍, സമ്മേളനങ്ങള്‍, മള്‍ട്ടിമീഡിയ, സോഷ്യല്‍ മീഡിയ, പുതിയ പ്രവണതകള്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, കലാപരിപാടികള്‍ എന്നിവ സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡന്റ് ജോസ് ഓച്ചാലില്‍, സെക്രട്ടറി ജെ.മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന ലാനായുടെ റീജിയണ്‍ കണ്‍വന്‍ഷന്‍ വിജയകരമായി സംഘടിപ്പിക്കുന്നതിന് മാടശ്ശേരി നീലകണ്ഠന്‍, ഗീതാ ജോര്‍ജ്ജ്, പ്രേമ തെക്കേക്ക്, തമ്പി ആന്റണി എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തന നിരതമായിരിക്കുന്നത്.

കാലിഫോര്‍ണിയ ന്യൂവാക്കിലുള്ള മെഹ്‌റാന്‍ റസ്‌റ്റോറന്റ് ഹാളിലാണ് സമ്മേളന പരിപാടികള്‍ നടക്കുന്നത്.

പ്രതിനിധികള്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്ന ന്യൂവാക്ക് ഹില്‍ട്ടണ്‍ ഡബിള്‍ ട്രീയില്‍ കുറഞ്ഞ നിരക്കിന് റൂമുകള്‍ ലഭ്യമാക്കുന്ന തിയ്യതി ഈ മാസം ഇരുപതോടെ അവസാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ലാന സമ്മേളനം വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാടശ്ശേരി നീലകണ്ഠന്‍ 925 785 0315