11:19am 20/3/2016
ന്യൂഡല്‍ഹി: വനിത ട്വന്റി20 ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യക്ക് മത്സരം നഷ്ടമായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിനിറങ്ങിയ പാകിസ്താന്‍ 16 ഓവറില്‍ ആറ് വിക്കറ്റിന് 77 റണ്‍സെടുത്തുനില്‍ക്കുന്നതിനിടെയാണ് മഴ പെയ്തത്.
97 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന്‍ ക്ഷമയോടെയാണ് ബാറ്റ് വീശിയത്. 15ാം ഓവറില്‍ പാകിസ്താന്റെ രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ച് വരുമെന്ന് തോന്നിച്ച സമയത്താണ് മഴ എത്തിയത്. 24 പന്തില്‍ 20 റണ്‍സായിരുന്നു പാകിസ്താന് ഈ സമയത്ത് വേണ്ടിയിരുന്നത്. ഇതോടെ ഡെക്വര്‍ക്ക് ലൂയിസ് നിയമപ്രകാരം മത്സരഫലം നിര്‍ണയിച്ചപ്പോള്‍ രണ്ട് റണ്‍സിന് പാകിസ്താന്‍ ജയിക്കുകയായിരുന്നു. 26 റണ്‍സെടുത്ത ഓപണര്‍ സിദ്‌റ അമീന്‍ ആണ് പാക് ബാറ്റിങ് നിരയിലെ ടോപ്‌സ്‌കോറര്‍. നാഹിദ ഖാന്‍ 14 റണ്‍ലസെടുത്ത് പുറത്തായി. മുനീബ അലി 12 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്കുവേണ്ടി രാജേശ്വരി ഗെയ്ക് വാദ്, ശിഖ പാണ്ഡെ, ജൂലാന്‍ ഗോസ്വാമി, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
നേരത്തെ നിശ്ചിത 20 ഓവറില്‍ 96 റണ്‍സിനാണ് ഇന്ത്യയെ പാകിസ്താന്‍ ചുരുട്ടിക്കെട്ടിയത്. ആറ് വിക്കറ്റേ ഇന്ത്യക്ക് നഷ്ടമായുള്ളൂവെങ്കിലും റണ്‍സ് നല്‍കാന്‍ പിശുക്കുകാട്ടിയാണ് കൂടുതല്‍ റണ്‍സെടുക്കന്നതില്‍ നിന്ന് ഇന്ത്യയെ പാകിസ്താന്‍ തടഞ്ഞത്.
24 റണ്‍സെടുത്ത വേദ കൃഷ്ണമൂര്‍ത്തിയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 19 പന്തില്‍ മൂന്ന് ഫോറുകളുടെ അകമ്പടിയോടെയാണ് വേദയുടെ നേട്ടം. ടീമിലെ വേറെ ആര്‍ക്കും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. ക്യാപ്റ്റനും ഓപണറുമായ മിഥാലി രാജ് 35 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായി. സഹ ഓപണര്‍ വെല്ലസ്വാമി വനിത രണ്ട് റണ്‍സെടുത്തും മൂന്നാമതായി ഇറങ്ങിയ സ്മൃതി മന്ദന ഒരു റണ്‍സും എടുത്ത് പുറത്തായി. ഹര്‍മന്‍പ്രീത് കൗര്‍ 16 റണ്‍സെടുത്തു. 10 റണ്‍സ് എക്‌സ്ട്രാ റണ്‍സാണ് പാകിസ്താന്റെ സംഭാവന.