വളര്‍ച്ചയുടെ ഉയരങ്ങള്‍ കീഴടക്കി ഷിക്കാഗോ സീറോ മലബാര്‍ രൂപത പതിനാറാം വയസ്സിലേക്ക്

12:39pm 12/3/2016

ജോയിച്ചന്‍ പുതുക്കുളം

syromalabar_pic
2016 മാര്‍ച്ച് പതിമൂന്നാം തീയതി ഷിക്കാഗോ സീറോ മലബാര്‍ രൂപത സ്ഥാപിതമായിട്ട് 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വടക്കേ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തിരിക്കുന്ന സീറോ മലബാര്‍ വിശ്വാസികള്‍ക്കു വേണ്ടി 2001 മാര്‍ച്ച് പതിമൂന്നാം തീയതിയാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഷിക്കാഗോ കേന്ദ്രമാക്കി രൂപത സ്ഥാപിച്ചുകൊണ്ടും, രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിനെ നിയമിച്ചുകൊണ്ടും ഡിക്രി പുറപ്പെടുവിച്ചത്. രൂപതയുടെ ഔദ്യോഗികമായ ഉദ്ഘാടനവും ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും 2001 ജൂലൈ ഒന്നാം തീയതി ഷിക്കാഗോയില്‍ വച്ചു നടന്നു.

ക്രിസ്തു ശിഷ്യനായ മാര്‍ത്തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനത്തിന്റെ ഫലമായി ഭാരതത്തില്‍ വളര്‍ന്നുവന്ന സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യയ്ക്കു പുറത്ത് ആദ്യമായി രൂപംകൊണ്ട ഷിക്കാഗോ സീറോ മലബാര്‍ രൂപത കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങള്‍ കൊണ്ടു നേടിയിരിക്കുന്ന വളര്‍ച്ച അദ്ഭുതകരമാണ്. 2001ല്‍ വെറും രണ്ട് ഇടവകകളും ആറു മിഷനുകളുമായി ആരംഭം കുറിച്ച രൂപത ഇക്കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങള്‍ കൊണ്ടു സ്വന്തമാക്കിയ വളര്‍ച്ച ഏവരുടേയും മുക്തകണ്ഠമായ പ്രശംസ അര്‍ഹിക്കുന്നതാണ്. ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പമുള്ള അമേരിക്കയില്‍ സീറോ മലബാര്‍ വിശ്വാസികള്‍ കുടിയേറിപ്പാര്‍ത്തിരിക്കുന്ന നഗരങ്ങളിലും ഗ്രാമങ്ങളിലും ചെന്നെത്തി, ഇടവക ദേവാലയങ്ങളും മിഷനുകളും സ്ഥാപിച്ച് സഭാസമൂഹങ്ങള്‍ക്കു രൂപം നല്‍കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എങ്കിലും മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ ശക്തമായ നേതൃത്വത്തില്‍ ബഹുമാനപ്പെട്ട വൈദികരും അല്‍മായരും നടത്തിയ നിസ്വാര്‍ത്ഥമായ പരിശ്രമങ്ങള്‍ നൂറു ശതമാനം ഫലം ചൂടിനില്‍ക്കുന്നു. 36 ഇടവകകളും 38 മിഷനുകളുമായി ഷിക്കാഗോ സെന്റ് തോമസ് രൂപത ഇന്ന് അമേരിക്കയില്‍ ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു.

സ്വന്തമായി ദേവാലയങ്ങള്‍ ഇല്ലാത്ത പല മിഷനുകളും ദേവാലയങ്ങള്‍ നിര്‍മ്മിക്കുകയോ വാങ്ങിക്കുകയോ ചെയ്തുകൊണ്ട് വളര്‍ച്ചയുടെ പാതയിലൂടെ അതിവേഗം മുന്നേറുന്നു. പേര്‍ലന്റ് (ടെക്‌സസ്), ഒര്‍ലാന്റോ (ഫ്‌ളോറിഡ), ലാസ്‌വേഗാസ് (നെവാഡ), ഷാര്‍ലറ്റ് (നോര്‍ത്ത് കരോളിന), സൗത്ത് ജേഴ്‌സി (ന്യൂജേഴ്‌സി) എന്നിവിടങ്ങളില്‍ ഈ വര്‍ഷം തന്നെ രൂപതയ്ക്കു സ്വന്തമായി ഇടവകകള്‍ ഉണ്ടാകുമെന്നത് ഏറെ ചാരിതാര്‍ത്ഥ്യജനകമാണ്. അതുപോലെതന്നെ, പല കേന്ദ്രങ്ങളിലും പുതിയ മിഷനുകള്‍ രൂപം പ്രാപിച്ചുവരുന്നു എന്നതും ഏറെ സന്തോഷകരമായ വസ്തുതയാണ്.

ഇടവകകളും മിഷനുകളും കേന്ദ്രമാക്കിയുള്ള സീറോ മലബാര്‍ സഭാസമൂഹങ്ങളുടെ വളര്‍ച്ചയുടെ മുഖ്യകാരണം വിശ്വാസരൂപീകരണത്തിലും സ്വഭാവരൂപീകരണത്തിലും കൂട്ടായ്മയിലുള്ള വളര്‍ച്ചയിലും ഈ സഭാകൂട്ടായ്മകളുടെ പ്രസക്തിയും പ്രാധാന്യവുമാണ്. ദേവാലയങ്ങള്‍ സ്വന്തമായുള്ള സീറോ മലബാര്‍ സമൂഹങ്ങളില്‍ സഭാംഗങ്ങളുടെ തിരക്ക് ശക്തമാണ്. കുട്ടികളുടേയും യുവജനങ്ങളുടേയും മുതിര്‍ന്നവരുടേയും വിശ്വാസരൂപീകരണത്തിലും കുടുംബങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലുമുള്ള ഊഷ്മളബന്ധങ്ങളുടെ നിര്‍മ്മിതിയിലും ഇടവക കൂട്ടായ്മ വേദിയാകുന്നു. അതുകൊണ്ടുതന്നെ ഇടവകകളിലും മിഷനുകളിലും രജിസ്റ്റര്‍ ചെയ്യുന്ന കുടുംബങ്ങളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്നു.

ഏകദേശം ഒരു ലക്ഷത്തോളം വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്ന രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലുമായി എണ്ണായിരത്തോളം കുട്ടികള്‍ വിശ്വാസപരിശീലനം നടത്തുന്നു. ആയിരത്തില്‍പരം അദ്ധ്യാപകര്‍ മതബോധനരംഗത്ത് നിസ്വാര്‍ത്ഥസേവനം ചെയ്യുന്നു. രൂപതാ മതബോധനവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ കുട്ടികളുടെ വിശ്വാസപരിശീലനത്തിന് ആവശ്യമായ പുസ്തകങ്ങളും വര്‍ക്ക് ബുക്കുകളും അദ്ധ്യാപകസഹായഗ്രന്ഥങ്ങളും തയ്യാറാക്കപ്പെട്ടിരിക്കുന്നു. മതബോധനപരിശീലനരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാര്യക്ഷമമായ അനുഭവജ്ഞാനവും അവബോധവും നല്‍കുന്നതിനായി എല്ലാവര്‍ഷവും രൂപതയുടെ വിവിധകേന്ദ്രങ്ങളില്‍ വച്ച് വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ മതബോധനസെമിനാറും നടത്തപ്പെടുന്നു. പള്ളിയിലും മതബോധനക്ലാസ്സുകളിലും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി രൂപതാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ടിരിക്കുന്ന കമ്മീഷന്റെ നേതൃത്വത്തില്‍ ട്രെയിനിംഗ് പ്രോഗ്രാമുകളും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിക്കുന്നു.

രൂപതാ യൂത്ത് അപ്പസ്‌തോലേറ്റിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങളുടെ വിശ്വാസപരിശീലനത്തിനും കൂട്ടായ്മയിലുള്ള വളര്‍ച്ചയ്ക്കുമായി റീജിയണ്‍ തലത്തില്‍ കോണ്‍ഫ്രന്‍സുകളും മീറ്റിംഗുകളും ഇതരപരിപാടികളും ആസൂത്രണം ചെയ്യപ്പെടുന്നു, കുടുംബപ്രേഷിതരംഗത്ത് പുത്തനുണര്‍വ്വു നല്‍കാനായി ഫാമിലി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ നൂതനങ്ങളായ കര്‍മ്മപരിപാടികള്‍ നടത്തപ്പെടുന്നു. വിവാഹജീവിതത്തിനൊരുക്കമായി നടത്തപ്പെടുന്ന സെമിനാറുകള്‍ ആയിരക്കണക്കിനു യുവജനങ്ങള്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുന്നു. സീറോ മലബാര്‍ സഭയുടെ കേന്ദ്രവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്താന്‍ സഹായിക്കുന്ന രൂപതാതല മാട്രിമോണിയല്‍ സൈറ്റിനുള്ള (ങമേൃശാീിശമഹ ടശലേ) ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിയിരിക്കുന്നു.

രൂപതയിലെ ഇടവകകളിലേയും മിഷനുകളിലേയും അജപാലനപ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി രൂപതാചാന്‍സറിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നു. ഇടവകകളേയും മിഷനുകളേയും ഭരണനിര്‍വഹണത്തിനായി പതിന്നാലു ഫൊറോനകളുടെ കീഴിലാക്കി. ഭൂമിശാസ്ത്രപരമായി ലോകത്തിലെ ഏറ്റവും വലിയ ഈ രൂപതയിലെ വിശ്വാസികളെ രൂപതാകേന്ദ്രവുമായി ബന്ധിപ്പിക്കുന്നതില്‍ രൂപതാബുള്ളറ്റിനും മുഖപത്രമായ മാര്‍വലാഹും മുഖ്യപങ്കുവഹിക്കുന്നു. രൂപതാദ്ധ്യക്ഷന്‍ നല്‍കുന്ന ഇടയലേഖനങ്ങളും സര്‍ക്കുലറുകളും എല്ലാ ഇടവകകളിലും മിഷനുകളിലും വായിക്കുകയും, തദനുസാരം അജപാലനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു.

രൂപതയ്ക്കുള്ളില്‍ നടക്കുന്ന ധ്യാനങ്ങള്‍ക്കും ആത്മീയ ശുശ്രൂഷകള്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയതിലൂടെ ഇടവകധ്യാനങ്ങള്‍ക്കും ആത്മീയശുശ്രൂഷകള്‍ക്കും നവ്യമാനം ലഭിച്ചു. പരിശുദ്ധകുര്‍ബാനയുടെ ആഘോഷത്തില്‍ രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും ഏകീകരണം ഉണ്ടാക്കുന്നതിനായി മാര്‍ഗരേഖ നല്‍കി. കുട്ടികളുടേയും യുവജനങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വ്യക്തവും ശക്തവുമായ രൂപരേഖ തയ്യാറാക്കി.

വിശുദ്ധകുര്‍ബാനയെന്ന ദിവ്യരഹസ്യത്തിനു മേല്‍ കേന്ദ്രീകൃതമായ ആദ്ധ്യാത്മികത രൂപപ്പെടുത്തിയെടുക്കാന്‍ അജപാലകരേയും വിശ്വാസികളേയും സഹായിയ്ക്കുകയെന്ന ലക്ഷ്യത്തോടെ വിശുദ്ധകുര്‍ബാനയെക്കുറിച്ച് ആഴമായ അറിവു നല്‍കുന്ന അഞ്ചു പുസ്തകങ്ങള്‍ രൂപതാടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചു. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി ഇടവകകളില്‍ ഇംഗ്ലീഷില്‍ വിശുദ്ധകുര്‍ബാനയര്‍പ്പണം നടത്തപ്പെടുന്നു.

രൂപതയുടെ എല്ലാ ഇടവകകളിലും മിഷനുകളിലും ഭരണനിര്‍വഹണസമിതിയായ പാരീഷ് കൗണ്‍സിലുകള്‍ സജീവമാണ്. പൊതുയോഗത്തിന്റേയും പാരീഷ് കൗണ്‍സിലുകളുടേയും സുഗമമായ നടത്തിപ്പിനാവശ്യമായ നിയമസംഹിതകളും, ഇടവകകളുടേയും മിഷനുകളുടേയും സാമ്പത്തികകാര്യങ്ങളുടെ നിര്‍വഹണത്തിനാവശ്യമായ മാര്‍ഗരേഖകളും പുറപ്പെടുവിച്ചു. രൂപതയിലെ അല്‍മായസംഘടനകളായ എസ്.എം.സി.സി., വിമെന്‍സ് ഫോറം വിന്‍സെന്റ് ഡി പോള്‍, ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭ, മിഷന്‍ ലീഗ് എന്നിവ ഇടവകകളില്‍ സജീവമാണ്. അള്‍ത്താര ശുശ്രൂഷകളുടേയും എവുക്കരിസ്റ്റിക്ക് മിനിസ്‌റ്റേഴ്‌സിന്റേയും സേവനം പരിശുദ്ധകുര്‍ബാനയുടെ ആഘോഷത്തെ സജീവമാക്കുന്നു. രൂപതയുടെ ഭരണപരവും അജപാലനപരവുമായ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സജീവവുമാക്കാന്‍ സഹായകമാകുന്ന പ്രായോഗികനിര്‍ദ്ദേശങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നു.

രൂപതയ്ക്കു വേണ്ടി ഇപ്പോള്‍ 64 വൈദികര്‍ ശുശ്രൂഷ ചെയ്യുന്നു. വിശ്വാസപരിശീലനരംഗത്തും ആരാധനക്രമ ആഘോഷങ്ങളിലും ബഹുമാനപ്പെട്ട സിസ്‌റ്റേഴ്‌സിന്റെ സേവനം ഇടവക കൂട്ടായ്മകള്‍ക്കു വളരെ പ്രയോജനകരമാണ്. രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ തുടര്‍പരിശീലനത്തിനും കൂട്ടായ്മയിലുള്ള വളര്‍ച്ചയ്ക്കുമായി എല്ലാ വര്‍ഷവും കോണ്‍ഫറന്‍സുകളും വാര്‍ഷികധ്യാനവും നടത്തപ്പെടുന്നു. രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ക്കായി പ്രോവിഡന്‍സ് ഫണ്ടിനു രൂപം കൊടുക്കാനായി എന്നതും ശ്രദ്ധേയമായ കാര്യമാണ്.

രൂപതയ്ക്കു സ്വന്തമായ വൈദികര്‍ എന്ന ലക്ഷ്യത്തിന്റെ ആദ്യചുവടുകള്‍ അനുഗ്രഹമായി ആരംഭിച്ചുകഴിഞ്ഞു. അമേരിക്കയില്‍ത്തന്നെ ജനിച്ചുവളര്‍ന്ന ഒമ്പതു യുവാക്കള്‍ രൂപതയ്ക്കുവേണ്ടി ഇപ്പോള്‍ സെമിനാരിപരിശീലനം നടത്തുന്നു അവരുടെ പരിശീലനത്തില്‍ ഉദാരമായ സാമ്പത്തികസഹായം നല്‍കിക്കൊണ്ടു ധാരാളം ആളുകള്‍ സഹകാരികളാകുന്നു.

രൂപതയുടെ ദൈനംദിന ചിലവുകള്‍ക്കും അജപാലനപ്രവര്‍ത്തനങ്ങള്‍ക്കും വിശ്വാസികളുടെ അകമഴിഞ്ഞ സാമ്പത്തികസഹകരണം ഏറെ സഹായകമാകുന്നു. ഇന്ത്യയിലെ, പ്രത്യേകിച്ചു കേരളത്തിലെ കുടുംബങ്ങള്‍, രൂപതകള്‍, പള്ളികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയ്ക്ക് ഈ രൂപതയിലെ ഇടവകകളും മിഷനുകളും നല്‍കുന്ന ഔദാര്യപൂര്‍ണമായ സഹായം ക്രിസ്തീയ ഉപവിയുടേയും കരുണയുടേയും നിദര്‍ശനമാണ്.

രൂപതയുടെ കീഴില്‍ വരുന്ന ക്‌നാനായ സമൂഹത്തിന്റെ സമഗ്രവളര്‍ച്ചയ്ക്കു വേണ്ടി പ്രത്യേക റീജിയണ്‍ സ്ഥാപിച്ച് ഇടവകകള്‍ക്കും മിഷനുകള്‍ക്കും രൂപം നല്‍കിയതിലൂടെ സഭാത്മവളര്‍ച്ചയ്ക്കും സാമുദായികശാക്തീകരണത്തിനും കരുത്തു പകര്‍ന്നു. അഞ്ചു ഫൊറോനകളുടെ കീഴില്‍ പന്ത്രണ്ട് ഇടവകകളും എട്ടു മിഷനുകളും ക്‌നാനായ സമൂഹത്തിനു വേണ്ടി രൂപീകൃതമായിട്ടുണ്ട്.

മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിലൂടെ രൂപത നേടിയ വിസ്മയകരമായ വളര്‍ച്ചയ്ക്കു ദൈവം നല്‍കിയ അനുഗ്രഹമാണ് സഹായമെത്രാനായി നിയമിതനായിരിയ്ക്കുന്ന മാര്‍ ജോയി ആലപ്പാട്ട് പിതാവ്. സഹായമെത്രാന്റെ പ്രവര്‍ത്തനങ്ങളിലൂടെ മാര്‍ ജേക്കബ് പിതാവിന്റെ കരങ്ങള്‍ ശക്തിപ്രാപിച്ച് രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉന്നതിയിലേയ്ക്കു വളരുമെന്നു നമുക്കു പ്രത്യാശിക്കാം. പതിനാറാം വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന രൂപതയ്ക്കു ദൈവം ഒരുക്കിയ ഏറ്റവും വലിയ ദാനമാണു സ്വന്തമായൊരു ഓഫീസ് കെട്ടിടം എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരം.

പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും തളരാതെ, തകരാതെ രൂപതയെ ഇത്രത്തോളം നടത്തിയ ദൈവപരിപാലനയ്ക്കു മുമ്പില്‍ കൃതജ്ഞതയോടെ കൈകള്‍ കൂപ്പുന്നു. രൂപതയോടു ചേര്‍ന്നു നിന്നുകൊണ്ട് ഇടവകകളേയും മിഷനുകളേയും ശക്തിപ്പെടുത്താന്‍, സഭയെ പടുത്തുയര്‍ത്താന്‍ കൈകള്‍ കോര്‍ത്തുപിടിക്കാം. സര്‍വശക്തനായ ദൈവത്തിന്റെ അനന്തപരിപാലനയ്ക്കു നന്ദി…

റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ചാന്‍സിലര്‍ സീറോ മലബാര്‍ രൂപത, ഷിക്കാഗോ.