ആഗ്ര: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ അകമ്പടി വാഹനമിടിച്ച് കൊല്ലപ്പെട്ട ആഗ്ര സ്വദേശിയുടെ കുടുംബം നിരാഹാര സമരത്തിനൊരുങ്ങുന്നു. സംഭവത്തില്‍ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം സമരത്തിനൊരുങ്ങുന്നത്. മാര്‍ച്ച് അഞ്ചിനാണ് യമുന എക്സ്പ്രസ് വേയില്‍ വെച്ച് ആഗ്ര സ്വദേശി ഡോ. രമേശ് നാഗറിനെ മന്ത്രിയുടെ കാര്‍ ഇടിച്ചുവീഴ്ത്തിയത്. മന്ത്രി കാര്‍ നിറുത്തി ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കില്‍ പിതാവ് രക്ഷപ്പെടുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകന് അഭിഷേക് പറഞ്ഞു. മരിച്ചയാളെ തിരിഞ്ഞുനോക്കാതെ പോയ മന്ത്രിയുടെ നടപടിയില്‍ സോഷ്യല്‍ മീഡിയിയിലും വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.
എന്നാല്‍ മന്ത്രിയുടെ വാഹനവ്യൂഹം എത്തിച്ചേരുന്നതിന് 20 മിനിട്ട് മുന്‍പ് തന്നെ അപകടം നടന്നിരുന്നുവെന്നും പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ബി.ജെ.പി വ്യക്തമാക്കി. അപകടത്തെക്കുറിച്ച് മഥുര എസ്.പിയെ വിവരമറിയിച്ചത് മന്ത്രിയാണെന്നും പരിക്കേറ്റവരെ സഹായിക്കാനും ആശുപത്രിയിലെത്തിക്കാനും സഹായിക്കണമെന്ന് ബി.ജെ.പി പ്രവര്‍ത്തകരോട് മന്ത്രി നിര്‍ദേശിച്ചിരുന്നതായും പാര്‍ട്ടി വക്താവ് അറിയിച്ചു.