ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥികള്‍ കീഴങ്ങിയില്ലെങ്കില്‍ പൊലീസിന് മറ്റുവഴികള്‍ തേടേണ്ടിവരുമെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ് ബസി. അവര്‍ അന്വേഷണവുമായി സഹകരിക്കണം. നിരപരാധികളാണെങ്കില്‍ തെളിവുകള്‍ ഹാജരാക്കണമെന്നും ബസി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഡല്‍ഹി പൊലീസ് ജെ.എന്‍.യു ക്യാമ്പസിലേക്ക് കടക്കുമോ എന്ന ചോദ്യത്തിന്, ധാരാളം അവസരങ്ങളും മാര്‍ഗങ്ങളും ലോകത്തുണ്ട് എന്നായിരുന്നു ബസിയുടെ പ്രതികരണം. തന്റെ നേതൃത്തിലുള്ള ഡല്‍ഹി പൊലീസിന് വിഷയം കൈകാര്യം ചെയ്യാന്‍ കെല്പുണ്ടെന്നും ബസി കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രിയാണ് ഉമര്‍ ഖാലിദ് അടക്കമുള്ള അഞ്ച് വിദ്യാര്‍ഥികള്‍ ജെ.എന്‍.യു ക്യാമ്പസില്‍ എത്തിയത്. ക്യാമ്പസില്‍ എത്തിയ ഇവര്‍ മറ്റു വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു. തങ്ങള്‍ തീവ്രവാദികളല്ലെന്നും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. അഫ്സല് ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു എന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.