വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടിക്ക് ഹൈകോടതി സ്‌റ്റേ

06:34pm 13/5/2016
download (10)

ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല അച്ചടക്ക സമിതി തീരുമാനത്തിന് ഡല്‍ഹി ഹൈകോടതിയുടെ സ്‌റ്റേ.

യൂണിവേഴ്‌സിറ്റി അധികൃതരുടെ തീരുമാനത്തിനെതിരെ കനയ്യകുമാര്‍, ഉമര്‍ഖാലിദ്, അനിബര്‍ ഭട്ടാചാര്യ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് വിധി. ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരം ഉടനെ അവസാനിപ്പിക്കാന്‍ കോടതി കനയ്യക്ക് നിര്‍ദേശം നല്‍കി. യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തില്ലെന്ന് എഴുതി നല്‍കാനും കോടതി നിര്‍ദേശിച്ചു.

ഉമര്‍ഖാലിദ്, അനിബര്‍ ഭട്ടാചാര്യ എന്നിവരടക്കം 14 പേര്‍ക്കെതിരെയായിരുന്നു നടപടി. ഉമര്‍ഖാലിദിനെ ഒരു സെമസ്റ്ററില്‍ നിന്ന് നീക്കം ചെയ്യുകയും 20,000 രൂപ പിഴയും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല അച്ചടക്ക സമിതി ചുമത്തിയിരുന്നു. വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിന് 10,000 രൂപ പിഴയായിരുന്നു ശിക്ഷ. മുജീബ് ഗാട്ടുവിനെ രണ്ട് സെമസ്റ്ററിലേക്ക് ക്യാമ്പസില്‍നിന്നു പുറത്താക്കി. അശുതോഷിന് ജെ.എന്‍.യു. ഹോസ്റ്റലില്‍ ഒരു വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

ശിക്ഷാനടപടിയിലും അന്വേഷണ സമിതിയുടെ പക്ഷപാതിത്വത്തിലും പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാര സമരമനുഷ്ഠിക്കുന്നത്.