10:11am 17/2/2016
ഫിലഡല്‍ഫിയ: കഴിഞ്ഞ 35 വര്‍ഷമായി ഫിലഡല്‍ഫിയ കേന്ദ്രീകരിച്ച് നേതൃ നിരയില്‍ ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തന പടവുകള്‍ കടന്ന് റിപ്പപ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയത്തിന് പങ്കു വഹിച്ച് ഇന്ത്യാ പ്രസ് ക്ല്ബ് ഓഫ് നോര്‍ത്ത് അമേരിക്കാ മുന്‍ ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍ ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സിലിലെ ഔദ്യോഗിക പദവിയില്‍ നിയമിതനായി. മുന്‍ ചീഫ് ജസ്റ്റീസ് റോണ്‍ കാസ്റ്റീല്‍, മുന്‍ സ്പീക്കര്‍ ജോണ്‍ പ്രെട്സല്‍, മുന്‍ ഗവര്‍ണ്ണര്‍ ജിം കോര്‍ബെറ്റ്, സെനറ്റര്‍ പാറ്റ് ട്യൂമി, ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗര്‍ എന്നിവര്‍ വിന്‍സന്റിന് ഭാവുകങ്ങള്‍ നേര്‍ന്നു.
മാപ്പ്, സി ഐ ഓ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ഐ ഏ സി ഏ, ഓര്‍മ, എക്യൂമെനിക്കല്‍ ഫെലോഷിപ് എന്നിങ്ങനെ നിരവധി മലയാളി സംഘടനകളില്‍ വിന്‍സന്റ് ഇമ്മാനുവേല്‍ ഭാരവാഹിയായിരുന്നു.
ഫിലഡല്‍ഫിയാ പൊലീസ് അഡൈ്വസറി കൗണ്‍സില്‍, ഫിലഡല്‍ഫിയാ ചെയ്മ്പര്‍ ഓഫ് കൊമേഴ്സ്, നോര്‍ത്തീസ്റ്റ് വൈ എം സി ഏ എന്നിവയിലും ഭാരവാഹിയാണ്. ഫിലഡല്‍ഫിയാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ട്രസ്റ്റിയായി 4 വര്‍ഷം സേവനം ചെയ്തു. ഏഷ്യാനെറ്റ് യൂ എസ്സ് ഏ, കേരളാ എക്സ്പ്രസ്സ്, ഈ മലയാളീ എന്നീ മാധ്യമങ്ങളിലും പ്രവര്‍ത്തിക്കുന്നു. സെവന്‍ ഇലവന്‍ ഫ്രാഞ്ചൈസ്സിയായി ബിസിനസ് രംഗത്ത് മുദ്ര പതിപ്പിച്ചു. 35 വര്‍ഷം മുമ്പ് ഇന്ത്യാ ഗവണ്മെന്റിന്റെ സെക്രട്ടറിയേറ്റ് അസ്സിസ്റ്റന്റായി ഡല്‍ഹിയില്‍ സേവനം ചെയ്യുമ്പോഴായിരുന്നു വിന്‍സന്റ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കയുടെ ആദ്യ തലസ്ഥാനം എന്ന സാഹോദര്യ നഗരമായ ഫിലഡല്‍ഫിയ സിറ്റി ഹാളില്‍ ഔദ്യോഗിക സേവനത്തിന്റെ കസേരയില്‍ വിന്‍സന്റ് ഇമ്മാനുവേല്‍ ഇരിക്കുമ്പോള്‍ അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമായി പ്രചോദനം പകരുന്ന ഒരു തൂവല്‍ കൂടി ചേര്‍ക്കപ്പെടുകയാണ്.