വി.എസ് അച്യുതാനന്ദനും കെ. മുരളീധരനും തമ്മില്‍ വാക്ക് ഏറ്റം

01:11pm
11/02/2016
download (5)
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും തമ്മില്‍ വാക്ക ഏറ്റം. ബഹളം നിയന്ത്രണാതീതമായതോടെ സഭാ നടപടികള്‍ സ്പീക്കര്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു.

ടൈറ്റാനിയം കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എളമരം കരീം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയിരുന്നില്ല. വിഷയത്തില്‍ ഇടപെട്ട് നടത്തിയ പ്രസംഗത്തിനിടെയാണ് ബുധനാഴ്ച നടത്തിയ ‘കിങ്ങിണികുട്ടന്‍’ പരാമര്‍ശത്തിന് തുടര്‍ച്ചയായി വി.എസ് മുരളീധരനെ കടന്നാക്രമിച്ചത്.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പുകഴ്ത്തിയ മുരളീധരനെ കെ. കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ ചാട്ടവാര്‍ കൊണ്ട് അടിച്ചേനെ എന്ന് വി.എസ് പറഞ്ഞു. ചാരക്കേസില്‍ കരുണാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ഉമ്മന്‍ചാണ്ടിക്കൊപ്പമാണ് മുരളീധരനിപ്പോള്‍. മുരളീധരന്‍ ‘എ’ ഗ്രൂപ്പില്‍ ചേക്കേറിയെന്ന് കോണ്‍ഗ്രസ് ഉപശാലയില്‍ സംസാരമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വി.എസ് തന്നെ കുറിച്ച് ബുധനാഴ്ച നടത്തിയ ‘കിങ്ങിണികുട്ടന്‍’ പരാമര്‍ശം സ്വന്തം മകന് ചേര്‍ന്നതാണെന്ന് മുരളീധരന്‍ തിരിച്ചടിച്ചു. വി.എസിന്റെ മകന് ചേരുന്ന തൊപ്പി തന്റെ തലയില്‍ വെക്കേണ്ടെന്നും പ്രതിപക്ഷ നേതാവിന്റെ പദവിക്ക് ചേര്‍ന്ന സംസാരമാണ് നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിയന്തര പ്രമേയത്തെ കുറിച്ചുള്ള പ്രസംഗത്തില്‍ വേറെ വിഷയമല്ല സംസാരിക്കേണ്ടതെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഇതോടെ മുരളീധരനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. വി.ഡി സതീശന്റെ നേതൃത്വത്തില്‍ ഭരണപക്ഷവും രംഗത്തെത്തിയതോടെ 10.40ന് സഭാ നടപടികള്‍ സ്പീക്കര്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു.