01.10 AM 29/10/2016
ജമ്മു: അതിര്‍ത്തിയിലെ പാക് പ്രകോപനങ്ങള്‍ക്ക് ഇന്ത്യ നല്കിയ തിരിച്ചടിയില്‍ 15 പാക്കിസ്ഥാന് ഭടന്മാര് കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ അതിര്‍ത്തിരക്ഷാ സേനയായ പാക് റേഞ്ചേഴ്സിലെ ഭടന്മാരാണ് ഒരാഴ്ചയ്ക്കുള്ളിലെ പ്രത്യാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. എന്നാല്‍, ഇന്ത്യയുടെ അവകാശവാദം പാക്കിസ്ഥാന് തള്ളി. തങ്ങളുടെ പക്ഷത്ത് ആള്‍നാശമില്ലെന്നാണ് അവരുടെ നിലപാട്. പാക് സൈന്യത്തിന്റെ നിരവധി ഔട്ട്പോസ്റ്റുകള്‍ തകര്‍ത്തതായി ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി മുതല്‍ ജമ്മു മേഖലയില്‍ പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ക്കു ജീവഹാനി സംഭവിച്ചിരുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്കും അതിര്‍ത്തിഗ്രാമങ്ങള്‍ക്കും നേരേ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഇന്നലെ പുലര്‍ച്ചെവരെ പാക്കിസ്ഥാന് ആക്രമണം തുടര്‍ന്നു. നിയന്ത്രണരേഖയിലെ കഠുവ, പൂഞ്ച്, രജൗരി ജില്ലകളിലും പാക്കിസ്ഥാന് വെടിയുതിര്‍ത്തു. രജൗരി, സാംബ, അബ്ദുള്ള, ആര്‍എസ് പുര, സചേത്ഘട്ട് മേഖലകളിലാണ് ആക്രമണം രൂക്ഷം.
പാക് റേഞ്ചേഴ്സിന് അവരുടെ സൈനിക നേതൃത്വത്തിന്റെ സഹായമുണ്ടെന്ന് ആക്രമണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ പരിശോധിച്ചതില്‍നിന്നു വ്യക്തമാണെന്ന് ബിഎസ്എഫ് മേധാവി പറഞ്ഞു. വ്യാഴാഴ്ച ജമ്മുവിലെ കഠുവ മേഖലയിലാണ് വെടിവയ്പ് തുടങ്ങിയത്. ഹിരാനഗര്‍, സാംബ എന്നിവിടങ്ങളിലേക്കു പിന്നീട് ഇതു വ്യാപിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ആക്രമണത്തിന്റെ തീവ്രത കുറഞ്ഞത്.
പാക് ആക്രമണത്തില്‍ ഇന്നലെ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പല്ലന്‍വാല നിവാസിയാണെന്നു ജമ്മു ഡെപ്യൂട്ടി കമ്മീഷണര്‍ സിംറാന്ദീപ് സിംഗ് പറഞ്ഞു. ആര്‍എസ് പുരയില്‍ വെടിയേറ്റ് ഒരാള്‍ക്കു പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ മെന്ദാര് നിവാസി ഉസ്മ ബി എന്ന അമ്പതുകാരിയാണ് കൊല്ലപ്പെട്ട രണ്ടാമത്തെയാള്‍.
ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളില്‍ 13 പാക് റേഞ്ചേഴ്സ് ഭടന്മാരും രണ്ട് പാക്കിസ്ഥാനി ഫ്രോണ്ടിയര്‍ ഫോഴ്സ് സൈനികരുമാണു കൊല്ലപ്പെട്ടതെന്നു കണക്കാക്കുന്നു. ഇന്ത്യന്‍ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കു ചികിത്സ നല്‍കാനുള്ള പാക് സൈന്യത്തിന്റെ നീക്കവുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണം ചോര്‍ത്തിയതോടെയാണ് ഇന്ത്യന്‍ രഹസ്യാന്വേഷണവിഭാഗത്തിന് ഈ വിവരം ലഭിച്ചത്.
ഇതിനിടെ കാഷ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. കുപ്വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ ഇന്നലെ വൈകുന്നേരമാണ് ഏറ്റുമുട്ടല്‍. ഒരു ഭീകരനും കൊല്ലപ്പെട്ടു. ആക്രമണശേഷം ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികലമാക്കിയ ഭീകരര്‍ പാക് അധീന കാഷ്മീരിലേക്കു രക്ഷപ്പെട്ടു.
കാഷ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നുഴഞ്ഞുകയറ്റ ശ്രമവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും തുടരുന്നതിനാല്‍ തിരിച്ചടി നല്കാന് ബിഎസ്എഫിന് നിര്‍ദേശം നല്‍കിയിരുന്നു. അതീവ ജാഗ്രതാ നിര്‍ദേശവും തുടരുകയാണ്.അതേസമയം, അതിര്‍ത്തിയില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന നിലപാടിലാണു പാക്കിസ്ഥാന്.