10.42 AM 30/10/2016
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗ്ലാമർ ടീമുകളായ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും ജയം. മാഞ്ചസ്റ്റർ സിറ്റി മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് വെസ്റ്റ്ബ്രോംവിച്ച് അൽബിയോണിനെ കീഴടക്കിയപ്പോൾ ലിവർപൂൾ 4–2ന് ക്രിസ്റ്റൽ പാലസിനെ തകർത്തു. മറ്റു മത്സരങ്ങളിൽ ടോട്ടനം ലീസെസ്റ്ററുമായി 1–1നും മാഞ്ചസ്റ്റർ യുണൈറ്റഡ് 0–0ക്ക് ബർണേലിയോടും സമനിലയിൽ പിരിഞ്ഞപ്പോൾ ആഴ്സണൽ 4–1ന് സണ്ടർലൻഡിനെ പരാജയപ്പെടുത്തി.
സിറ്റിയുടെ എവേ പോരാട്ടത്തിൽ സെർഹ്യോ അഗ്യൂറോ, ഇക്കെ ഗുഡോഗൻ എന്നിവർ ഇരട്ട ഗോൾ വീതം സ്വന്തമാക്കി. അഗ്യൂറോ 19, 28 മിനിറ്റുകളിലും ഗുഡോഗൻ 79, 90 മിനിറ്റുകളിലുമാണ് ഗോൾ സ്വന്തമാക്കിയത്. ക്രിസ്റ്റൽ പാലസിനെതിരേ ലിവർപൂളിനായി എംറെ കാൻ (16 മിനിറ്റ്), ഡിജാൻ ലൗറെൻ (21 മിനിറ്റ്), ജോയൽ മാറ്റ്ലിപ് (44 മിനിറ്റ്), റോബർട്ടോ ഫിർമിനോ (71 മിനിറ്റ്) എന്നിവരാണ് ഗോളുകൾ നേടിയത്. ക്രിസ്റ്റൽ പാലസിനായി ജയിംസ് മക്ആർതർ (18, 33) ഇരട്ട ഗോളുകൾ സ്വന്തമാക്കി.
ലീഗിൽ 10 മത്സരങ്ങളിൽനിന്ന് 23 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. ഇത്രയും പോയിന്റുമായി ആഴ്സണൽ, ലിവർപൂൾ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.