08:40 am 23/10/2016
റാന്നി: ദൈവത്തോടുള്ള ബന്ധം വളര്‍ത്തിയെടുക്കുന്നതിനുള്ള ആത്മാര്‍ഥ സമര്‍പ്പണമാകണം ദേവാലയമെന്നു സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. കരിമ്പനാംകുഴി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയുടെ പുതിയ ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ കൂദാശ നിര്‍വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദേശത്തോടുള്ള ദൈവജനത്തിന്റെ ബന്ധം ദൃഢമാക്കാന്‍ ദേവാലയം കാരണമാകണം. ദേവാലയം ദൈവത്തിന്റെ ഔദാര്യവും കാരുണ്യവുമാണ്. പരസ്പരം വേലിക്കെട്ടുകള്‍ തീര്‍ത്ത് ഉള്ളിലിരിക്കാനുള്ള സന്ദേശമല്ല ദേവാലയം നല്‍കുന്നത്. മറിച്ച് പരസ്പര സൗഹാര്‍ദത്തിന്റെയും സഹിഷ്ണതയുടെയും പര്യായമായി അതു മാറണം. നന്മ ചെയ്യുന്നതില്‍ മടുപ്പു തോന്നരുതെന്നും ക്ലേശിക്കുന്നവരെ ആശ്വസിപ്പിക്കണമെന്നും മാര്‍ ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു.
തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, സഹായമെത്രാന്‍ ഡോ. ഫിലിപ്പോസ് മാര്‍ സ്തേഫാനോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ദേവാലയ കൂദാശയ്ക്കെത്തിയ വിശിഷ്്ടാതിഥികളെ വികാരി ഫാ. ജോസഫ് വരമ്പുങ്കല്‍ ഒഐസിയുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ ദേവാലയ കവാടത്തില്‍ സ്വീകരിച്ചു. ട്രസ്റ്റി ജയിംസ് കുപ്പയ്ക്കല്‍, സെക്രട്ടറി അനീഷ് കെ. തോമസ് കരിമ്പനാമണ്ണില്‍, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ടി.പി. മത്തായി തോട്ടത്തില്‍, തോമസുകുട്ടി നല്ലാനിക്കുന്നേല് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്കി. ഇന്നു രാവിലെ 8.30ന് ദേവാലയകൂദാശയുടെ രണ്ടാംഭാഗം, സമൂഹബലി എന്നിവ നടക്കും.