വൈദീകരുടെ നിയമനം-ഇമ്മിഗ്രേഷന്‍ നടപടികള്‍ കര്‍ശനമാക്കി

11:40am 22/5/2016
– പി.പി.ചെറിയാന്‍
unnamed (1)
ഡാളസ്: മതപരമായ ചുമതലകള്‍ നിറവേറ്റുന്നതിന് ഇന്ത്യയില്‍ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് നിയമിക്കപ്പെടുന്നവരുടെ ഇമ്മിഗ്രേഷന്‍ നടപടികള്‍ കര്‍ശനമാക്കിയതിനാല്‍ അപ്രതീക്ഷിതമായ കാലതാമസം നേരിടുന്നതായി പരാതി.

മതപരമായ ജോലികള്‍ക്ക് നല്‍കി വരുന്ന ആര്‍.1(R-1) വിസക്കുള്ള അപേക്ഷകള്‍ അതതും കോണ്‍സുലേറ്റുകളില്‍ സമര്‍പ്പിക്കുന്നതിന് മുമ്പു അമേരിക്കന്‍ എമ്മിഗ്രേഷന്റെ അനുമതി വാങ്ങിയിരിക്കണമെന്നതാണ് കാലതാമസത്തിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ വിസാ പ്രോസസിങ്ങിന് 2 മുതല്‍ 5 വരെ മാസം എന്നുള്ളത് ഈ വര്‍ഷം മുതല്‍ ആറുമാസം വരെയാണ് ചുരുങ്ങിയ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
2016 മെയ് 12ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 2015 നവം.17ന് മുമ്പ് സമര്‍പ്പിച്ചവരുടെ അപേക്ഷകളാണ് പരിഗണിച്ചുവരുന്നത്. പുതിയ നിബന്ധന അനുസരിച്ചു ഏതു മതസ്ഥാപനത്തിലേക്കാണോ ജോലിക്കായ് നിയമിക്കുന്നത് ആസ്ഥാപനം നേരിട്ടു പരിശോധിച്ചതിനു ശേഷം മാത്രമാണ് അനുമതി നല്‍കുന്നത്. മാത്രമല്ല ജോലിക്ക് പ്രവേശിക്കുന്ന തിയ്യതിക്ക് മുമ്പുള്ള ആറുമാസത്തിനുള്ളിലായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. മെയ് ഒന്നിന് ജോലിയില്‍ പ്രവേശിക്കണമെന്നുള്ളവര്‍ക്ക് നവംബര്‍ 1ന് ശേഷം മാത്രമേ അപേക്ഷ സമര്‍പ്പിക്കുവാന്‍ അനുമതി നല്‍കിയിട്ടുള്ളത്.

അമേരിക്കന്‍ എമ്മിഗ്രേഷന്‍ ലോയേഴ്‌സ് അസ്സോസിയേഷനും, വിവിധ മതനേതാക്കളും ഈ വിഷയങ്ങള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും, കാലതാമസം ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഡാളസ്സില്‍ നിന്നുള്ള ഇമ്മിഗ്രേഷന്‍ നിയമം മാത്രം കഴിഞ്ഞ 25 വര്‍ഷമായി കൈകാര്യം ചെയ്യുന്ന അറ്റോര്‍ണി ലാല്‍ വര്‍ഗ്ഗീസ് അറിയിച്ചു. മെയ് ഒന്നിന് ചുമതലയേല്‍ക്കേണ്ട പല ഇടവകകളിലും വൈദീകര്‍ക്ക് എത്തിചേരുവാന്‍ കഴിയാതിരിക്കുന്നത് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.