01:29 pm 23/10/2016
ലഖ്നോ: സമാജ് വാദി പാർട്ടിയിലെ തർക്കത്തെ രൂക്ഷമാക്കി ശിവ്പാൽ യാദവിനെ ഉത്തർപ്രദേശ് മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കി. ശിവ്പാൽ യാദവിനെക്കൂടാതെ മന്ത്രിമാരായ ശദാബ് ഫാത്തിമ, ഓം പ്രകാശ് സിങ്, നരാദ് റായ്, ഗായത്രി പ്രസാദ് പ്രജാപതി എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. ശിവ്പാലുമായി അടുത്ത ബന്ധം പുലർത്തുന്നവരാണിവർ. മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് പെട്ടന്നുള്ള തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് അഖിലേഷ് യാദവ് ഗവർണർ രാം നായികിന് അയച്ചു.
പാർട്ടിയുടെ ഭാഗമല്ലാത്ത അമർസിംഗിനിനെ പിന്തുണക്കുന്നവർക്ക് പാർട്ടിൽ ഇടമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാവിലെ തന്റെ അനുയായികളായ മന്ത്രിമാരെക്കൂട്ടി നടന്ന യോഗത്തിലാണ് അപ്രതീക്ഷിത തീരുമാനം എടുത്തത്. ശിവ്പാൽ യാദവും സംഘവും യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടിട്ടില്ലായിരുന്നെന്നാണ് റിപ്പോർട്ടുകൾ. അമർസിംഗിൻെറ വിശ്വസ്തരായി നിൽക്കുന്നവർ തന്റെ സർക്കാറിലുണ്ടാകില്ലെന്നും ഇത്തരം ആളുകളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് തനിക്കറിയാമെന്നും അഖിലേഷ് പറഞതായി മുഖ്യമന്ത്രിയോട് കൂറുപുലർത്തുന്ന എം.എൽ.എ.മാർ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ ഈ നിമിഷംവരെ അഖിലേഷ് യാദവ് സ്വന്തം പാർട്ടി രൂപീകരിക്കാൻ ശ്രമം നടത്തിയിട്ടില്ലെന്നും അവർ അറിയിച്ചു.
എസ്.പി സംസ്ഥാന പ്രസിഡന്റാണ് പുറത്താക്കപ്പെട്ട ശിവപാൽ യാദവ്. അഖിലേഷിൻെറ നേതൃത്വത്തിൽ പാർട്ടിയിലെ യുവരക്തങ്ങളും മന്ത്രിമാരും ശിവ്പാലിനെ പ്രതിനിധാനം ചെയ്ത് പഴയ നേതാക്കളും എന്ന തരത്തിൽ പാർട്ടി ഇരുദ്രുവത്തിലെത്തിയിട്ടുണ്ട്.