ഗുരുവായൂര്‍: ഇഷ്ടദേവന്റെ സന്നിധിയില്‍ കൈ നിറയെ നാണയം സമര്‍പ്പിച്ച് ദര്‍ശനം നടത്തി ശ്രീലങ്കന്‍ പ്രധാന മന്ത്രി റെനില്‍ വിക്രമ സിംഗെ. സോപാനത്ത് കാണിക്കയായി കദളിക്കുലയും സമര്‍പ്പിച്ചു.
തുടര്‍ന്ന് ഓട്ടുവിളക്കില്‍ നെയ് നിറച്ച് വിളക്ക് തെളിയിച്ചു. പ്രസാദ ഊട്ടിനായി പതിനായിരം രൂപയുടെ പാല്‍പായസം വഴിപാടാക്കി. അഹസ്, നമസ്‌കാര സദ്യ, ഭഗവതിക്ക് അഴല്‍ എന്നിവയുമായിരുന്നു മറ്റു വഴിപാടുകള്‍.
ഉപദേവ ഗണങ്ങളെ തൊഴുതശേഷം 25 മിനിട്ടോളം ക്ഷേത്രത്തില്‍ ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. പത്‌നി മൈത്രി വിക്രമ സിംഗെ, ശ്രലങ്കന്‍ ഡെപ്യൂട്ടി ഹൈകമ്മിഷണര്‍ ടി. കൃഷ്ണമൂര്‍ത്തി, സാംസ്‌കാരിക മന്ത്രി ടി.പി. സ്വാമിനാഥന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കൊളംബോയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തലെത്തിയ പ്രധാന മന്ത്രിയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സ്വീകരണമാണു നല്‍കിയത്. അറൈവല്‍ ടെര്‍മിനലില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കാര്‍ മാര്‍ഗം രാവിലെ പതിനൊന്നരയോടയാണ് പ്രധാനമന്ത്രി ഗുരുവായൂരിലെത്തിയത്. ആദ്യം മമ്മിയൂര്‍ ക്ഷേത്രത്തിലായിരുന്നു ദര്‍ശനം.