01:05 PM 17/10/2016
തൃശൂര്‍: കാളത്തോട് ഷമീര്‍ വധക്കേസില്‍ ആറ് പ്രതികള്‍ക്ക് ജീവപര്യന്തവും 25,000 രൂപ വീതം പിഴയും വിധിച്ചു. നെല്ലിക്കുന്ന് സ്വദേശി ഷമീറിനെ 2005ല്‍ കാളത്തോട് കൂറ സെന്‍്ററില്‍ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നു മുതല്‍ നാലുവരെയും ആറും ഏഴും പ്രതികളായ ഒല്ലൂക്കര സ്വദേശികളായ ജയന്, സനിലന്, അനിലന്‍, രാജേഷ്, രാജേഷ്, വര്‍ഗീസ് എന്നിവരെയാണ് ഒന്നാം അഡിഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.
പ്രതികള്‍ പൊതുസ്ഥലത്തു മദ്യപിക്കുന്നത് ചോദ്യം ചെയ്ത വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മദ്യപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒന്നാം പ്രതി ജയനെ ഷമീര്‍ കുപ്പികൊണ്ടു തലക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇരുമ്പുപൈപ്പും വെട്ടുകത്തിയും ഉപയോഗിച്ചാണ് പ്രതികള്‍ ഷമീറിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഒമ്പതു പ്രതികളുള്ള കേസില്‍ അഞ്ചാം പ്രതിയെ കുറ്റക്കാരനല്ലെന്നു കണ്ട് വെറുതേ വിട്ടു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച എട്ടും ഒമ്പതും പ്രതികള്‍ വിചാരണക്കിടെ മരണപ്പെട്ടിരുന്നു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ. പ്ളീഡര്‍ ആന്‍ഡ് പബ്ളിക് പ്രോസിക്യൂട്ടര്‍ കെ.ബി. രണേന്ദ്രനാഥന്‍, അഭിഭാഷകരായ സുരേഷ് മാപ്രാമം, എം.പി. ഷാജു, ഫിജോ ജോസ് എന്നിവര്‍ ഹാജരായി.