കൊച്ചി : ക്രത്യമായ ജഡ്ജിമാരില്ലാത്തതിനാല്‍ സംസ്ഥാനത്തെ കോടതികളില്‍ നടപ്പാകാതെ കിടക്കുന്ന കേസുകള്‍ പെരുകി വരുന്നു. കഴിഞ്ഞ ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഹൈക്കോടതിയില്‍ 1,57,369 കേസുകളും കീഴ്കോടതികളില്‍ 13,45,127 കേസുകളും തീര്‍പ്പാക്കാനുണ്ട്. പത്ത് വര്‍ഷത്തിലധികമായി തീര്‍പ്പാകാതെ കിടക്കുന്ന 14,781 കേസുകളാണ് ഹൈക്കോടതിയിലുള്ളത്. സംസ്ഥാനത്തെ 413 കീഴ്കോടതികളിലായി രണ്ടു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള അഞ്ചു ലക്ഷം കേസുകളും 25 വര്‍ഷം പഴക്കമുള്ള രണ്ടു ലക്ഷം കേസുകളും അന്പതുവര്ഷം പഴക്കമുള്ള അമ്പതിനായിരത്തോളം കേസുകളുമാണ് കെട്ടികിടക്കുന്നത്.
സ്ത്രീകള്‍ പരാതിക്കാരായ 65,879 കേസുകളും മുതിര്‍ന്ന പൗരന്മാര് പരാതിക്കാരായ 28,567 കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു.അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കേസുകള്‍ കെട്ടിക്കിടക്കാന്‍ കാരണമാകുന്നു.
വികസിത രാജ്യങ്ങളില്‍ 10 ലക്ഷം പേര്‍ക്ക് 150 ജഡ്ജിമാര്‍ ഉള്ളപ്പോള്‍ ഇന്ത്യയില്‍ ഇത്രയും പേര്‍ക്ക് 12 പേര് മാത്രമാണുള്ളത്.കോടതികളുടെ വികസനത്തിന് സര്‍ക്കാരുകള്‍ ബജറ്റില്‍ കൂടുതല്‍ തുക നീക്കിവയ്ക്കാത്തതും പ്രശ്നമാകുന്നു. രാജ്യത്താകെ കോടതികളില്‍ കെട്ടികിടക്കുന്നത് മൂന്നുകോടി കേസുകളാണ്. കഴിഞ്ഞ മാസംവരെ സുപ്രീംകോടതിയില്‍ തീര്‍പ്പാക്കാത്ത 64,919 കേസുകളുണ്ട്.24 ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്ന 44 ലക്ഷം കേസുകളില്‍ 34,32,493 സിവില്‍ കേസുകളും 10,23,739 ക്രിമിനല്‍ കേസുകളുമാണ്.