10.04 PM 27/10/2016
കൊച്ചി: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് 28ന് എറണാകുളം മഹാരാജാസ് കോളജ് സിന്തറ്റിക് ട്രാക്കില്‍ തുടക്കമാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 14 ജില്ലകളില്‍ നിന്നുള്ള രണ്ടായിരത്തോളം കായിക താരങ്ങള്‍ പങ്കെടുക്കും. രാവിലെ 6.30ന് ജൂനിയര്‍ പുരുഷന്മാരുടെ 10000 മീറ്റര്‍ ഓട്ട മത്സരത്തോടെയാണ് മീറ്റ് ആരംഭിക്കുക. 34 ഇനങ്ങളിലാണ് ആദ്യദിനം ഫൈനല്‍. ഉച്ചക്ക് 1.30ന് കോര്പറേഷന് മേയര്‍ സൗമിനി ജെയിന് മീറ്റ് ഓദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് ഇത്തവണ മീറ്റിനെത്തുന്നത്. പോയ വര്‍ഷം ഇതേ ഗ്രൗണ്ടില്‍ നടന്ന മീറ്റില്‍ 32 സ്വര്‍ണമടക്കം 593 പോയിന്റുകള്‍ നേടിയായിരുന്നു പാലക്കാടിന്റെ കിരീട നേട്ടം. രണ്ടാം സ്ഥാനത്തെത്തിയ എറണാകുളം ജില്ലക്ക് 19 സ്വര്‍ണമടക്കം 451 പോയിന്റുകള്‍ മാത്രമാണ് നേടാനായിരുന്നത്. 25 പുതിയ റെക്കോഡ് നേട്ടങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷം മഹാരാജാസ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചിരുന്നു. അടുത്ത മാസം 10 മുതല്‍ 14 വരെ കോയമ്പത്തൂരില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ മീറ്റിനുള്ള സംസ്ഥാന ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക.