1/2/2016
കൊച്ചി: സോളാര്‍ കേസില്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ കേസിലെ പ്രതി സരിത നായര്‍ കമീഷന് മുമ്പാകെ ഹാജരാക്കി. തെളിവുകള്‍ അടങ്ങിയ മൂന്ന് സിഡികളും അനുബന്ധ രേഖകളുമാണ് മൊഴി നല്‍കാനെത്തിയ സരിത കമീഷന് കൈമാറിയത്. കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹനാന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ്, മൗണ്ട് സിയോന്‍ കോളജ് ചെയര്‍മാന്‍ എബ്രഹാം കലമണ്ണില്‍ എന്നിവരുമായി സംഭാഷണം നടത്തിയതിന്റെ സിഡികളാണ് ഹാജരാക്കിയത്. അതേസമയം, തെളിവുകളുടെ ആധികാരികതയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സംശയം പ്രകടിപ്പിച്ചു.
ഒരു സിഡിയില്‍ എബ്രഹാം കലമണ്ണിലുമായി സംസാരിച്ചതിന്റെ ദൃശ്യങ്ങളും രണ്ട് സിഡികളില്‍ കോണ്‍ഗ്രസ് നേതാക്കളും സലിം രാജുമായും നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖകളുമാണുള്ളത്. 201416 കാലയളവില്‍ നടത്തിയ സംഭാഷണങ്ങളെല്ലാം സിഡിയിലുണ്ടെന്നും സരിത സോളാര്‍ കമീഷനെ അറിയിച്ചു.
സോളാര്‍ കമീഷനില്‍ തെളിവ് നല്‍കിയ ശേഷമാണ് താനുമായി കാണണമെന്നാണ് എബ്രഹാം കലമണ്ണില്‍ ആവശ്യപ്പെട്ടത്. ഇതുപ്രകാരമാണ് അദ്ദേഹവുമായി തന്റെ സഹായി ബിജു കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. തെളിവുകള്‍ നശിപ്പിക്കാന്‍ കലമണ്ണില്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിഡിയിലുണ്ട്. മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തിയത് താനാണെന്നും സരിത പറഞ്ഞു. മൂന്ന് സിഡികളും തെളിവായി കമീഷന്‍ സ്വീകരിച്ചു.
2012ല്‍ ടീം സോളാര്‍ ഇടപാടുകാരന്‍ ഇ.കെ ബാബുരാജിന്റെ ഭൂമി പോക്കുവരവ് നടത്താന്‍ വേണ്ടി അപേക്ഷ നല്‍കിയത് താനാണെന്നും സരിത പറഞ്ഞു. ഈ അപേക്ഷയില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആലപ്പുഴ കലക്ടറോട് നിര്‍ദേശിക്കുന്ന കുറിപ്പ് മുഖ്യമന്ത്രി എഴുതിയിട്ടുണ്ട്. അപേക്ഷയുടെ പകര്‍പ്പും സരിത കമീഷന് നല്‍കി. കൂടാതെ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ജെറ്റ് എയര്‍വേസിനോട് ആവശ്യപ്പെട്ട യാത്രാ വിവരങ്ങളുടെ പകര്‍പ്പുകളും ഹാജരാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രേഖപ്പെടുത്തിയ തന്റെ ഡയറിയിലെ രണ്ട് പേജുകളും കമീഷന് സരിത കൈമാറിയിട്ടുണ്ട്. കുരുവിള സ്വന്തം അഡ്രസ് എഴുതി നല്‍കിയ പേജാണ് ഹാജരാക്കിയത്. ആദിവാസി മേഖലകളില്‍ സോളാര്‍ പദ്ധതി നടപ്പാക്കുന്നതിന് മുഖ്യമന്ത്രി കത്ത് നല്‍കിയെന്ന് സരിത മൊഴി നല്‍കിയിട്ടുണ്ട്. പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് കത്തില്‍ വിശദീകരിക്കുന്നുണ്ടെന്ന് പകര്‍പ്പ് ഹാജരാക്കി സരിത പറഞ്ഞു.
കോട്ടയം കടുത്തുരുത്തിയിലെ സോളാറിന്റെ പരിപാടിയില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് മന്ത്രി കെ.സി ജോസഫ് പങ്കെടുത്തത്. മുഖ്യമന്ത്രിക്ക് പങ്കെടുക്കാന്‍ അസൗകര്യം നേരിട്ട സാഹചര്യത്തില്‍ പകരക്കാരനായിട്ടായിരുന്നു കെ.സി ജോസഫ് എത്തിയത്. ഈ പരിപാടിയുടെ ഉദ്ഘാടനം കെ.സി ജോസഫ് നിര്‍വഹിച്ചു. എന്നാല്‍, അദ്ദേഹം കോഴ വാങ്ങിയില്ലെന്നും സരിത പറഞ്ഞു.