ശ്രീനഗര്‍: ജമ്മുകാശ്മീരിലെ സയാച്ചിനില്‍ ഹിമപാതത്തില്‍ കാണാതായ സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി. മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ കര്‍ണാടക സ്വദേശി ലാന്‍സ് നായിക് ഹനമന്‍ താപ്പയെ ആണ് കണ്ടെത്തിയത്. ആറു ദിവസത്തെ തിരച്ചിലിനൊടുവിലാണ് താപ്പയെ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ താപ്പയെ സൈനിക ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. പത്ത് സൈനികരായിരുന്നു ഹിമപാതത്തില്‍ അകപ്പെട്ടത്.
സൈനികരെല്ലാം മരിച്ചുവെന്നായിരുന്നു കരുതിയിരുന്നത്. എങ്കിലും തിരച്ചില്‍ തുടരുകയായിരുന്നു. അഞ്ച് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും നാലു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞെന്നും സൈന്യം അറിയിച്ചു.
ഫെബ്രുവരി മൂന്നിനാണ് സിയാച്ചിനില്‍ മഞ്ഞിടിച്ചില്‍ ഉണ്ടായത്. ഒമ്പത് സൈനികരും മദ്രാസ് റെജിമെന്റിലെ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുമാണ് ഹിമപാതത്തില്‍ അകപ്പെട്ടത്. പട്രോളിംഗ് നടത്തുന്നതിനിടെ അറുനൂറ് മീറ്ററോളം ഉയരമുള്ള മഞ്ഞുപാളി ഇവര്‍ക്ക് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.