ഡമാസ്കസ്: റഷ്യ സിറിയയില്‍ മേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ 34 പേര് കൊല്ലപ്പെട്ടു. സിറിയന്‍ സര്‍ക്കാറിന്റെ പിന്തുണയോടെ അലപ്പോയിലായിരുന്നു വ്യോമാക്രമണം. വിമത സ്വാധീന മേഖലകളായ അല്‍ബാബ്, ഹമാ, സോറന് തുടങ്ങിയ മേഖലകളില്‍ റഷ്യന്‍ സൈന്യം ആക്രമണം തുടരുകയാണ്.
വിമത നേതാക്കളും പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദും തമ്മിലുള്ള ചര്‍ച്ച തുടരുന്നതിനിടെയാണ് അലപ്പോയിലെ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 25ന് നടക്കാനിരുന്ന സമാധാന ചര്‍ച്ച പ്രതിസന്ധിയിലായിരിക്കുകയാണ്. അഞ്ചു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനാണ് ജനീവയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ക്ക് യു.എന്‍ ചുക്കാന്‍ പിടിക്കുന്നത്. ക്രിയാത്മക നിര്‍ദേശങ്ങള്‍ ഉരുത്തിരിയാത്ത പക്ഷം ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് വിമത നേതാവ് മുഹമ്മദ് അല്ലൂശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
2015 സെപ്തംബര്‍ മുതലാണ് റഷ്യ സിറിയയില്‍ വ്യേമാക്രമണം ആരംഭിച്ചത്. ഐ.എസിനെ തുരത്താനെന്ന പേരില്‍ നടത്തുന്ന ആക്രമണത്തില്‍ ബശ്ശാര്‍ വിമതരെയാണ് റഷ്യ ലക്ഷ്യം വെക്കുന്നതെന്നാണ് ആരോപണം. റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ ഒട്ടേറെ വിമതരും സിവിലിയന്മാരും കൊല്ലപ്പെട്ടു.