സീറോ മലബാര്‍ കലാമേള വിജയകരമായി അരങ്ങേറി

09:04am 20/5/2016
– ബീന വള്ളിക്കളം
Newsimg1_49927629
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രവര്‍ത്തിക്കുന്ന കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തിയ “സീറോ മലബാര്‍ കലാമേള 2016′ വളരെ ആവേശകരമായി. മുന്നൂറോളം കുട്ടികള്‍ ഏറെ വാശിയോടെ മാറ്റുരച്ച ഈ കലാമേള വൈവിധ്യമാര്‍ന്ന കഴിവുകളുടെ സംഗമവേദിയായി. അക്കാഡമി ഡയറക്ടര്‍ ബീന വള്ളിക്കളം ഏവരേയും സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുകയും, അക്കാഡമിക്ക് നല്‍കിയ എല്ലാ സഹകരണങ്ങള്‍ക്കും നന്ദി പറയുകയും ചെയ്തു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ബോര്‍ഡ് അംഗങ്ങളായ ലിന്‍സി വടക്കുംചേരി, ഷെന്നി പോള്‍, ആഷാ മാത്യു, ട്രസ്റ്റിമാരായ ഷാബു മാത്യു, പോള്‍ പുളിക്കന്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

വിവിധ ഇനങ്ങളിലായി മൂന്നു വേദികളിലായി നടന്ന മത്സരങ്ങള്‍ രാവിലെ 9.30 മുതല്‍ രാത്രി 10 മണി വരെ നീണ്ടുനിന്നു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ അന്നേദിവസം തന്നെ നല്‍കുകയുണ്ടായി. കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട എമ്മ കാട്ടൂക്കാരന്‍, സന്തോഷ് – ലിനറ്റ് ദമ്പകളുടെ മകളാണ്. ഡോ. സാല്‍ബി പോള്‍ – മഞ്ജു ദമ്പതികളുടെ മകനായ അലന്‍ ചേന്നോത്താണ് കലാപ്രതിഭ.

വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ സമ്മാനദാനം നിര്‍വഹിച്ചു. ദൈവീക ദാനമായ കഴിവുകളെ എത്രയും മനോഹരമായി, ഉത്തരവാദിത്വപൂര്‍വ്വം പരിപാലിച്ചു വളര്‍ത്തുന്നതിനു മാതാപിതാക്കളും കുഞ്ഞുങ്ങളും താത്പര്യപ്പെടുന്നത് ഏറെ സന്തോഷകരമാണെന്നു അച്ചന്‍ പറഞ്ഞു. ഈ സംരംഭം വന്‍ വിജയകരമാക്കുന്നതിനു സഹകരിച്ച ഒട്ടനവധി മാതാപിതാക്കളും, മുതിര്‍ന്ന കുട്ടികളും സഹകരിച്ചു. ഏവര്‍ക്കും ബോര്‍ഡ് അംഗം ലിന്‍സി വടക്കുംചേരി ഹൃദയംഗമമായ കൃതജ്ഞത അറിയിച്ചു.