12:44pm 12/3/2016
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോ ആസ്ഥാനമായുള്ള സീറോ മലബാര്‍ രൂപതയുടെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിനെ തെരഞ്ഞെടുത്തു. ഹൂസ്റ്റണ്‍ മിസോറിസിറ്റിയിലെ സെന്റ് ജോസഫ് ദേവാലയാങ്കണത്തില്‍ വച്ചു നടന്ന നാഷണല്‍ ജനറല്‍ബോഡി മീറ്റിംഗിലാണ് 2016- 17 വര്‍ഷങ്ങളിലേക്കുള്ള നവ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
എസ്.എം.സി.സി ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന്റേയും, സെന്റ് ജോസഫ് പള്ളി വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കലിന്റേയും സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയര്‍മാനായി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. കാലിഫോര്‍ണിയയിലെ സാന്റാ അന്ന സെന്റ് തോമസ് പള്ളി ഇടവകാംഗമായ ജോര്‍ജുകുട്ടി എസ്.എം.സി.സിയുടെ മുന്‍ ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റായും, ദേശീയ കമ്മിറ്റി ട്രഷററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോളജ് വിദ്യാര്‍ത്ഥിയായിരുന്നകാലം മുതല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലും, സാമൂഹിക- ആദ്ധ്യാത്മിക രംഗങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ജോര്‍ജുകുട്ടി എസ്.എം.സി.സിയുടെ സാന്റാ അന്ന ചാപ്റ്റര്‍ സ്ഥാപക പ്രസിഡന്റും, ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമാണ്.
വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അരുണ്‍ ദാസ് ഡിട്രോയിറ്റ് സെന്റ് തോമസ് പള്ളി ഇടവകാംഗവും എസ്.എം.സി.സിയുടെ മുന്‍ ദേശീയ സെക്രട്ടറിയുമാണ്.
ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍: എല്‍സി വിതയത്തില്‍ (ബോസ്റ്റണ്‍, മസാച്യുസെറ്റ്‌സ്), സജി സക്കറിയ (കോറല്‍സ്പ്രിംഗ്, ഫ്‌ളോറിഡ), കുര്യാക്കോസ് ചാക്കോ (ചിക്കാഗോ), സോളി ഏബ്രഹാം (ബാള്‍ട്ടിമോര്‍, മേരിലാന്റ്), ചാക്കോ കല്ലുകുഴി (ഹൂസ്റ്റണ്‍, ടെക്‌സസ്), ഏലിക്കുട്ടി ഫ്രാന്‍സീസ് (കൊപ്പേല്‍, ടെക്‌സസ്) എന്നിവരാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മുന്‍ പ്രസിഡന്റ് സേവി മാത്യുവും, കുര്യാക്കോസ് ചാക്കോയും നേതൃത്വം നല്‍കി.
സഭയുടെ വളര്‍ച്ചയില്‍ കരുതലും, സംരക്ഷണവുമായി പ്രവര്‍ത്തിക്കാനും അത്മായരുടെ ന•യും ആദ്ധ്യാത്മിക വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമാകാനും ജോര്‍ജുകുട്ടി പുല്ലാപ്പള്ളി നയിക്കുന്ന പുതിയ നേതൃത്വത്തിന് സാധിക്കുമാറാകട്ടെയെന്ന് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ആശംസയില്‍ അറിയിച്ചു. ജയിംസ് കുരീക്കാട്ടില്‍ അറിയിച്ചതാണിത്.