സ്ത്രീകള്‍ക്കും സുരക്ഷിതത്വവും സ്വാതന്ത്ര്യവും ലഭ്യമായാല്‍ മാത്രമെ രാജ്യത്തിന് പുരോഗതി കൈവരിക്കാനാവുകയുള്ളു: കനയ്യകുമാര്‍

12.52 AM 15-06-2016
JNU_Kumar_2761078g
രാജ്യത്ത് ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ആക്രമണം വര്‍ദ്ധിച്ചു വരികയാണെന്നും എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതത്വവും സ്വാതന്ത്ര്യവും ലഭ്യമായാല്‍ മാത്രമെ രാജ്യത്തിന് പുരോഗതി കൈവരിക്കാനാവുകയുള്ളു എന്നും ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ കഴിയുന്ന കൊല്ലപ്പെട്ട ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷയുടെ കൊലപാതകികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേസ്സ് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ഭയ ആക്ട് രൂപീകരിച്ചതിന് ശേഷവും ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്നതിന്റെ തെളിവാണ് ജിഷയുടെ കൊലപാതകം. വിദ്യാഭ്യാസപുരോഗതിയിലും സാംസ്‌ക്കാരിക സമ്പന്നതയിലും അഭിമാനിക്കുന്ന കേരളത്തിന് ലോകത്തിന് മുന്നില്‍ തലകുനിക്കേണ്ടി വന്ന സംഭവമാണ് ദളിത് നിയമവിദ്യാര്‍ത്ഥിനിയായ ജിഷയുടെ ദാരുണാന്ത്യം. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ജിഷയുടെ കുടുംബത്തിന് നീതി ഉറപ്പു വരുത്തേണ്ടത് ഭരണാധികാരികളുടെ ചുമതലയാണെന്നും കനയ്യകുമാര്‍ പറഞ്ഞു. കൊലപാതകം നടന്ന ഇരിങ്ങോളിലെ ജിഷയുടെ വീടും സന്ദര്‍ശിച്ച ശേഷയമാണ് കനയ്യകുമാര്‍ മടങ്ങിയത്. എ.ഐ.വൈ.എഫ് സംസ്ഥാനസെക്രട്ടറി അഡ്വ.കെ.രാജന്‍, എം.എല്‍.എ യും ജെ.എന്‍.യു. വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് മുഹസ്സിന്‍, ജെ.എന്‍.യു. വൈസ്പ്രസിഡന്റ് ഷഹ്‌ന റഷീദ്‌ഷോറ, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍, സംസ്ഥാന പ്രസിഡന്റ് വി.വിനില്‍ തുടങ്ങിയവരും കനയ്യകുമാറിനെപ്പം പെരുമ്പാവൂരില്‍ എത്തിയിരുന്നു.