സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി. എസ്ബിടി അടക്കം അഞ്ച് അനുബന്ധ ബാങ്കുകളാണ് എസ്ബിഐയില്‍ ലയിക്കുന്നത്. ലയനത്തിന് അസോസിയേറ്റ് ബാങ്കുകളുടേയും എസ്ബിഐയുടേയും ബോര്‍ഡ് യോഗങ്ങള്‍ അംഗീകാരം നല്‍കിയിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കൂറിനെകൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍ എന്നിവയും ഭാരതീയ മഹിളാ ബാങ്കും എസ്ബിഐയില്‍ ലയിപ്പിക്കും. ആഗോളതലത്തില്‍ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയില്‍ ഇടംപിടിക്കുകയെന്ന ലക്ഷ്യത്തിലാണ് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐ ലയിപ്പിക്കുന്നത്.
ലയനത്തിനു കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കുമെന്ന് ഉറപ്പായിരുന്നതിനാല്‍ രാവിലെ മുതല്‍ എസ്ബിഐ അസോസിയേറ്റ് ബാങ്ക് ഓഹരികളില്‍ വന്‍ മുന്നേറ്റംകണ്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നിവയുടെ ഓഹരിമൂല്യം 20 ശതമാനത്തോളം വര്‍ധിച്ചു. ലയിക്കാന്‍ പോകുന്ന മറ്റ് ബാങ്കുകള്‍ സ്റ്റോക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തിട്ടില്ല. എസ്ബിഐ ഓഹരികളുടെ മൂല്യത്തിലും വര്‍ധനവുണ്ട്. ലയനം പൂര്‍ത്തിയാകുന്നതോടെ എസ്ബിഐയുടെ ബാലന്‍സ് ഷീറ്റ് 37 ലക്ഷം കോടി രൂപയുടേതാകും.