സ്വച്ഛ് ഭാരത് പിന്തുണയുമായി കല്യാണ്‍ ജുവലേഴ്സ്

10/2/2016

1455049936_1455049936_c1002f

കൊച്ചി: കല്യാണ്‍ ജുവലേഴ്സ് കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാന് പിന്തുണയുമായി തൃശൂരിലെ എട്ട് ഗവണ്‍മെന്റ് സ്‌കൂളുകളില്‍ 18 ടോയ്ലറ്റുകള്‍ സൗജന്യമായി നിര്‍മിച്ചുനല്‍കി. പെണ്‍കുട്ടികള്‍ക്കായി പ്രത്യേകം ടോയ്ലറ്റുകളുണ്ട്.
കല്യാണ്‍ ജുവലേഴ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സഞ്ജയ് രഘുരാമന്‍ തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ. ദേവയാനിക്കുട്ടിക്ക് ടോയ്ലറ്റുകളുടെ താക്കോലുകള്‍ കൈമാറി. പതിനെട്ട് ടോയ്ലറ്റുകള്‍ക്കായി പതിനാറ് ലക്ഷം രൂപയാണ് കമ്പനി ചെലവഴിച്ചത്. ശുചീകരണപദ്ധതികള്‍ക്കായി കമ്പനി ഒരു കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ പദ്ധതിയുമായി സഹകരിക്കാനും സാമൂഹികപ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് ശുചിത്വസൗകര്യങ്ങള്‍ രാജ്യമെങ്ങും ലഭ്യമാക്കാനും സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ശുചിത്വസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും അതുവഴി പാതിവഴിയില്‍ സ്‌കൂളില്‍നിന്ന് പുറത്താകുന്നത് ഒഴിവാക്കുന്നതിനുമായി 100 ടോയ്ലറ്റുകള്‍ നിര്‍മിച്ചുനല്‍കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 47 ശതമാനം സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്കായി ടോയ്ലറ്റുകള്‍ ഇല്ലെന്നാണ് കണക്ക്. ഇത് മൂലം ക്ലാസുകളില്‍ വരാതിരിക്കുന്നതിനോ സ്‌കൂളില്‍നിന്ന് പഠനം ഉപേക്ഷിക്കുന്നതിനോ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. സുസ്ഥിര വികസനലക്ഷ്യമായി ശുചീകരണ, ഭവനപദ്ധതികളെ കല്യാണ്‍ ജുവലേഴ്സ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, 2022-ല്‍ എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാര്‍ പദ്ധതിക്ക് പിന്തുണ നല്‍കി ആയിരം വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിന് 20 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.