സ്വിറ്റ്സര്‍ലന്‍ഡും ഫ്രാന്‍സും പ്രീക്വാര്‍ട്ടറില്‍

12:30PM 21/06/2016
download
പാരിസ്: യൂറോ കപ്പ് ഗ്രൂപ് ‘എ’യിലെ പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ ഫ്രാന്‍സും സ്വിറ്റ്സര്‍ലന്‍ഡും പ്രീക്വാര്‍ട്ടറിലേക്ക്. അവസാന മത്സരത്തില്‍ ഏറ്റുമുട്ടിയ ഫ്രാന്‍സും സ്വിറ്റ്സര്‍ലന്‍ഡും ഗോള്‍ രഹിത സമനില വഴങ്ങിയപ്പോള്‍, ല്യോണില്‍ നടന്ന മത്സരത്തില്‍ റുമേനിയയെ അല്‍ബേനിയ അട്ടിമറിച്ചു. ആതിഥേയരായ ഫ്രാന്‍സ് നേരത്തെ തന്നെ പ്രീക്വാര്‍ട്ടറില്‍ ഇടം ഉറപ്പിച്ചിരുന്നെങ്കില്‍, സ്വിറ്റ്സര്‍ലന്‍ഡിന്‍െറ നോക്കൗട്ട് യോഗ്യതക്ക് സമനില മതിയായിരുന്നു.
ഫ്രാന്‍സ് 0 – 0 സ്വിറ്റ്സര്‍ലന്‍ഡ്

കഴിഞ്ഞ മത്സരങ്ങളിലെ സൂപ്പര്‍ താരം ദിമിത്രി പായെറ്റ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് വിശ്രമം നല്‍കിയിറങ്ങിയ ഫ്രാന്‍സ് സ്വിറ്റ്സര്‍ലന്‍ഡിന്‍െറ ജീവന്മരണ പോരാട്ടത്തിനു മുന്നില്‍ നന്നായി വിയര്‍ത്തു. പോള്‍ പൊഗ്ബയും അന്‍േറാണിയോ ഗ്രീസ്മാനും അടങ്ങിയ ആതിഥേയ മുന്നേറ്റ നിര കളിയുടെ ആദ്യ 30 മിനിറ്റില്‍ വ്യക്തമായ മേധാവിത്വം സ്ഥാപിച്ചെങ്കിലും പ്രതിരോധം ശക്തമാക്കി ഒന്നിടവിട്ട് പ്രത്യാക്രമണം സജീവമാക്കിയ സ്വിറ്റ്സര്‍ലന്‍ഡിനായിരുന്നു പിന്നീടുള്ള നിമിഷങ്ങളില്‍ മുന്‍തൂക്കം. പൊഗ്ബയുടെ ബുള്ളറ്റ് ഷോട്ട് ക്രോസ്ബാറില്‍ തട്ടി തെറിച്ചതുമാത്രമായിരുന്നു ആദ്യ പകുതിയില്‍ എടുത്തുപറയാവുന്ന ഫ്രഞ്ച് മുന്നേറ്റം.

എന്നാല്‍, ഷെര്‍ദാന്‍ ഷാകിരയും ഫാബിയാന്‍ ഷാറും ചേര്‍ന്ന് നയിച്ച സ്വിസ് മുന്നേറ്റം ഫ്രാന്‍സിനെ വെള്ളംകുടിപ്പിച്ചു. രണ്ടാം പകുതിയില്‍ കോമാന് പകരക്കാരനായി പായെറ്റ് കളത്തിലത്തെിയെങ്കിലും ആതിഥേയര്‍ക്ക് വലകുലുക്കാന്‍ കഴിഞ്ഞില്ല. മൈാനത്തിറങ്ങിയ 30 മിനിറ്റിനുള്ളില്‍ പായെറ്റ് മൂന്ന് ഉഗ്രന്‍ ഷോട്ടുകളുമായി എതിര്‍ ഗോള്‍മുഖത്ത് അങ്കലാപ്പ് തീര്‍ത്തിരുന്നു. പക്ഷേ, സ്വിസ് ഗോളി യാന്‍ സോമറിനെ കീഴടക്കാന്‍ കഴിഞ്ഞില്ല.

അല്‍ബേനിയ 1 – 0 റുമേനിയ
സ്വിറ്റ്സര്‍ലന്‍ഡിന്‍െറ പരാജയവും അല്‍ബേനിയക്കെതിരെ ജയവും ലക്ഷ്യമിട്ടിറങ്ങിയ റുമേനിയക്ക് ഒരു ഗോളിന്‍െറ തോല്‍വി. കളിയുടെ 43ാം മിനിറ്റില്‍ അര്‍മാന്‍ഡോയുടെ പെനാല്‍റ്റി കോര്‍ണര്‍ ഗോളിലൂടെയായിരുന്നു അല്‍ബേനിയയുടെ ജയം. സമനിലക്കായി പിന്നീടുള്ള മുഴുസമയവും റുമേനിയ വിയര്‍ത്തുകളിച്ചെങ്കിലും ഫലം കണ്ടില്ല. യൂറോകപ്പില്‍ ആദ്യമായി പന്തുതട്ടാന്‍ അവസരം നേടിയ അല്‍ബേനിയയുടെ ചരിത്രത്തിലെ ആദ്യ ജയം കൂടിയാണിത്. ആദ്യ മത്സരങ്ങളില്‍ ഫ്രാന്‍സിനോടും സ്വിറ്റ്സര്‍ലന്‍ഡിനോടും തോല്‍ക്കാനായിരുന്നു അരങ്ങേറ്റക്കാരുടെ വിധി.