12:33 pm 25/10/2016
കോഴിക്കോട്: സൗമ്യവധക്കേസിന്റെ അന്തിമ വിചാരണയിൽ സംഭവിച്ച നീതികേട് ജിഷവധക്കേസിൽ ആവർത്തിക്കരുത് എന്ന പ്രചരണവുമായി പ്രതിഷേധ കൂട്ടായ്മ. ജിഷവധക്കേസിന്റെ വിചാരണ ആരംഭിക്കുന്ന നവംബർ രണ്ടിന് പെണ്ണൊരുമയുടെ നേതൃത്വത്തിൽ ഷൊർണൂരാണ് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരുകയും നിയമവും നീതിന്യായ വ്യവസ്ഥയും അനാസ്ഥ ആവർത്തിക്കുകയും ചെയ്യുമ്പോൾ നിഷ്ക്രിയരായി ഇരിക്കാൻ അവകാശമില്ല എന്ന മുദ്രാവാക്യം ഉയർത്തുന്ന കൂട്ടായ്മയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുമായി അഞ്ഞൂറോളം സ്ത്രീകൾ പങ്കെടുത്ത് രക്തപ്രതിജ്ഞയെടുക്കും. നീതികേടുകൾ ആവർത്തിക്കരുത് എന്ന സന്ദേശവുമായി നടത്തുന്ന പ്രതിഷേധത്തിൽ കെ.അജിത, ഡോ. പി. ഗീത, വി.പി. സുഹ്റ, കെ.കെ രമ തുടങ്ങിയവർ പങ്കെടുക്കും.
വൈകാരിക പ്രാധാന്യം കണക്കിലെടുത്താണ് സൗമ്യക്ക് അത്യാഹിതം സംഭവിച്ച ഷൊർണൂരിൽ വെച്ച് തന്നെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധ കൂട്ടായ്മയുടെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാ സ്ത്രീകളും പരിപാടിയിൽ സ്വമേധയാ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെണ്ണൊരുമയുടെ സംഘാടകർ അറിയിച്ചു.
WRITE YOUR COMMENTS