12:06 PM 19/10/2016
ജയ്പുർ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീകോടതിയിൽ. ചിങ്കാര മാനിനെ വേട്ടയാടിയ കേസിൽ ഹൈകോടതി നടനെ വെറുതെ വിട്ടതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
ദീപാവലി അവധിക്ക് ശേഷമായിരിക്കും സുപ്രീംകോടതി കേസ് പരിഗണിക്കുകയെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ശിവ്മംഗൽ ശർമ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ജൂലൈയിലാണ് കേസിൽ സൽമാൻ ഖാനെ കുറ്റവിമുക്തനാക്കിയ കോടതിവിധി വന്നത്. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാലാണ് വെറുതെ വിടുന്നതെന്നും ഖാനെതിരെ ഹാജരാക്കിയ തെളിവുകൾ ദുർബലമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വലിയ ജനരോഷമാണ് ഉയർന്നത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
രണ്ട് വിചാരണ കോടതികൾ നേരത്തേ നടന് അഞ്ചു വർഷത്തേയും ഒരു വർഷത്തേയും തടവ് ശിക്ഷകൾ വിധിച്ചിരുന്നു. തുടർന്ന് 13 ദിവസം സൽമാൻ ഖാൻ ജയിലിൽ കഴിയുകയും ചെയ്തു. 2002ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.