10:59 am 15/10/2016
കൊച്ചി: ഹരിപ്പാട് മെഡിക്കൽ കോളജ് അഴിമതിയിൽ പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയർക്കെതിരെ കേസെടുക്കുമെന്ന് വിജിലൻസ്. കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതിലെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുക്കാൻ തുരുമാനിച്ചിരിക്കുന്നത്. ബിൽഡിങ് വിഭാഗം ചീഫ് എഞ്ചിനിയറെ ഒന്നാം പ്രതിയാക്കിയാണ് കേസ് ഫയൽ ചെയ്യുക.
2015 ജനുവരി ഏഴിനാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നൽകിയത്. ആര്‍ക്കി മട്രിക്സ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ചട്ടപ്രകാരമല്ല. കുറഞ്ഞ കരാർ തുക ക്വാട്ട് ചെയ്ത കമ്പനികൾ ഉണ്ടായിട്ടും വൻ തുക ക്വാട്ട് ചെയ്ത കമ്പനിക്ക് കരാർ കൈമാറുകയായിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് മെഡിക്കൽ കോളജിന് നീക്കം തുടങ്ങിയത്.
മെഡിക്കല്‍ കോളജിെൻറ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നെന്ന പരാതിയില്‍ പൊതുമരാമത്ത് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയർ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രാഥമിക പരിശോധനയില്‍ പരാതിയില്‍ കഴമ്പില്ലെന്ന നിഗമനമാണ് വിജിലന്‍സ് റിപ്പോർട്ടിലുണ്ടായിരുന്നത്.
കണ്‍സള്‍ട്ടന്‍സി കരാറിന് അപേക്ഷിച്ച ആന്‍സണ്‍സ് ഗ്രൂപ്പിന്റെ പരാതിയിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടത്. തങ്ങളേക്കാള്‍ കൂടുതല്‍ തുകയുടെ ടെന്‍ഡര്‍ നല്കിയ ആര്‍ക്കി മട്രിക്സിന് കരാറനുവദിച്ചതില് ക്രമക്കേടുണ്ടെന്നായിരുന്നു ആന്‍സണ്‍സ് ഗ്രൂപ്പിന്റെ ആരോപണം. ഇതുവഴി സര്‍ക്കാറിന് 5 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.