ഹൃദ് രോഗങ്ങല്‍ക്ക് ആയുര്‍വേദം ഉത്തമ്മം

11:11am
26/2/2016
images (6)

നിത്യജീവിതശൈലികളും സാഹചര്യങ്ങളുമാണ് ഇന്നുകാണുന്ന പല രോഗങ്ങള്‍ക്കും കാരണമെന്ന് ആയുര്‍വേദം ഊന്നി പറയുന്നു. അതിനാല്‍ ദിനചര്യയിലും ആഹാരക്രമത്തിലും മാറ്റം വരുത്തുക വഴി ഹൃദ്രോഗത്തെ ഒരുപരിധി വരെ തടയാനാകും .പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക
പ്രകൃതിയില്‍ ഓരോ ജീവജാലത്തിനും സ്വാഭാവികമായി ജീവിക്കുന്നതിനുള്ള കാലം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. വളര്‍ച്ച പൂര്‍ത്തിയാകുന്നതിന് വേണ്ടിവരുന്ന കാലത്തിന്റെ അഞ്ചിരട്ടിയാണിതെന്ന് കണക്കാക്കപ്പെടുന്നു.
മനുഷ്യനെ സംബന്ധിച്ചിടത്തോളം ബീജപുഷ്ടിക്ക് വേണ്ടിവരുന്ന കാലം 20 – 24 വയസാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്റെ ആയുസ് നൂറോ, നൂറ്റിയിരുപതോ വര്‍ഷമാകാം. എന്നാല്‍ ഈ ആയുസ് പൂര്‍ത്തീകരിക്കുന്നതില്‍നിന്ന് മനുഷ്യനെ പിന്നോട്ട് വലിക്കുന്നത് രോഗമോ മറ്റെന്തെങ്കിലും അപകടങ്ങളോ ആണ്.
ഇത്തരം രോഗങ്ങളില്‍ മുന്‍നിരയിലാണ് ഹൃദ്രോഗം. ഇരുപതും മുപ്പതും വയസുള്ളവര്‍ കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇത്തരം കഴുഞ്ഞുവീണുള്ള മരണത്തിന് പിന്നില്‍ പലപ്പോഴും ഹൃദ്രോഗമാണ്.
ഹൃദയാരോഗ്യം ആയുര്‍വേദത്തില്‍
ആയുര്‍വേദത്തില്‍ ഹൃദ്രോഗത്തെക്കുറിച്ച് പ്രത്യേക പരാമര്‍ശമുണ്ട്. ഹൃദ്രോഗത്തിന് ഔഷധമായി ഗംഗാജലവും ഹരിദ്രാന്നവും നിര്‍ദേശിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുതപ്പെട്ടവയാണ് പ്രാമാണികങ്ങളായ ആയുര്‍വേദഗ്രന്ഥങ്ങള്‍.
ജീവിതശൈലിയും സാഹചര്യങ്ങളുമാണ് ഇന്നുകാണുന്ന മിക്ക രോഗങ്ങള്‍ക്കും കാരണമെന്ന് ആയുര്‍വേദം പറയുന്നു. അതിനാല്‍ ദിനചര്യയിലും ആഹാരക്രമത്തിലും ഒക്കെ മാറ്റം വരുത്തുക വഴി ഹൃദ്രോഗത്തെ ഒരുപരിധി വരെ പ്രതിരോധിക്കാനാകും. അതിനായി പാലിക്കേണ്ട ജീവിതശൈലി ആയുര്‍വേദം നിര്‍ദേശിക്കുന്നു.
ജീവിതശൈലി മാറണം
ഹൃദയം തകരാറിലാകുന്നതിന്റെ പ്രധാന കാരണം തെറ്റായ ജീവിതശൈലിയാണ്. നേരവും കാലവും നോക്കാതെ വാരിവലിച്ചുള്ള ഭക്ഷണരീതിയില്‍ തുടങ്ങണം മാറ്റം. അമിതവണ്ണം, മദ്യപാനം, പുകവലി ഇവയ്ക്കെല്ലാം ഹൃദ്രോഗവുമായി ബന്ധമുണ്ട്.
ഇവ ഒഴിവാക്കിയാല്‍ മാത്രമേ ഹൃദയത്തെ കാക്കാന്‍ സാധിക്കൂ. ജീവിതരീതിയില്‍ വന്ന മാറ്റം മനുഷ്യശരീരത്തിന് തെല്ലും വ്യായാമം നല്‍കുന്നില്ല. പണ്ടുകാലത്ത് കാര്‍ഷികവൃത്തിക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു.
ഏതു മേഖലയില്‍ ജോലി ചെയ്യുന്നവരും അതോടൊപ്പം കൃഷിക്കും കന്നുകാലി വളര്‍ത്തലിനും സമയം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇന്നിതെല്ലാം ഓര്‍മകള്‍ മാത്രമായി.
എല്ലാവര്‍ക്കും സ്വന്തമായി വാഹനമായതോടെ ചെറിയ ദൂരം പോലും നടക്കേണ്ടി വരുന്നില്ല. ഫാസ്റ്റ് ഫുഡും വ്യാപകമായതോടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായി. കൂടാതെ വിനോദ ഉപാധികളായി വന്ന ടെലിവിഷനും ഇന്റര്‍നെറ്റും ശാരീരികായസത്തിനുള്ള സാധ്യതയും കുറച്ചു.
ഹൃദയാരോഗ്യത്തിന് ഭക്ഷണക്രമം
ഓരോ വ്യക്തിയും കഴിക്കുന്നത് എന്താണോ അതാണ് ആ വ്യക്തിയും വ്യക്തിത്വവും. കഴിക്കുന്ന ആഹാരവും ഹൃദയാരോഗ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ഭക്ഷണരീതിയാണ് ഹൃദയത്തിന്റെ ആരോഗ്യം നിശ്ചയിക്കുന്നതിലെ മുഖ്യഘടകം.
ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും നാടന്‍ ഭക്ഷണമാണ് ഉത്തമം. എണ്ണയില്‍ വറുത്തവ, മാംസം, മുട്ട, പഴകിയ ഭക്ഷണം, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങളായ വെണ്ണ, നെയ്യ് ഇവയൊന്നും ഹൃദ്രോഗികള്‍ക്ക് നന്നല്ല.
ഇവയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഹൃദയത്തെ കൂടുതല്‍ അപകടത്തിലാക്കുന്നു. രക്തധമനികളുടെ ഉള്‍വശത്ത് ഇവ അടിഞ്ഞുകൂടി കട്ട പിടിച്ച് രക്ത പ്രവാഹത്തെ കൂടുതല്‍ തടസപ്പെടുത്തുന്നു. ഹൃദ്രോഗികള്‍ ഒരു നേരം മാത്രം ധാന്യഹാരം കഴിക്കുന്നതാണ് നല്ലത്.
മറ്റ് സമയങ്ങളില്‍ പഴങ്ങളോ, വേവിക്കാത്ത പച്ചക്കറികളോ കഴിക്കാം. കരിക്ക് ഹൃദ്രോഗികള്‍ക്ക് ഉത്തമമാണ്. അതോടൊപ്പം തന്നെ ധാരാളം ശുദ്ധജലവും കുടിക്കണം.
കരിക്ക് മാത്രം കഴിച്ച് ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഉപവസിക്കുന്നതും രോഗശമനത്തിന് നല്ലതാണ്. നാളികേരവും ഹൃദ്രോഗികള്‍ക്ക് ഉപയോഗിക്കാം.
ആഹാരം അറിഞ്ഞു കഴിക്കുക
മൈദ പോലുള്ള ഭക്ഷ്യ വസ്തുക്കള്‍ കഴിക്കുന്നതിലൂടെ ധാന്യങ്ങളിലെ നാരുകളിലൂടെ ലഭിക്കുന്ന സൂക്ഷ്മ പോഷകങ്ങളുടെ കുറവുണ്ടാവുകയും രക്തധമനികളുടെ സുസ്ഥിതി ക്രമേണ ക്ഷയിക്കാനും ഇടയാകുന്നു. അതുപോലെ മുട്ടയുടെ മഞ്ഞക്കരു വല്ലപ്പോഴുമൊരിക്കല്‍ മതി.
നാരുള്ള പയറുകളും സസ്യങ്ങളും പഴങ്ങളും ധാരാളം കഴിക്കാം. തവിടു കളയാത്ത ധാന്യങ്ങള്‍ മുഖ്യാഹാരമാക്കാം. ഇവയില്‍ നിന്നെല്ലാം ധാരാളം നാര് ശരീരത്തിന് ലഭിക്കണം. കൊഴുപ്പും മാംസ്യവും ഒഴിവാക്കുകയോ കഴിവതും കുറയ്ക്കുകയോ ചെയ്യുക.
കൊഴുപ്പ് 10 ശതമാനം, പ്രോട്ടീന്‍ 10 ശതമാനം, പഴങ്ങളും പച്ചക്കറികളും 80 ശതമാനം. പാലും പാലുല്‍പ്പന്നങ്ങളും പൂര്‍ണമായും ഉപേക്ഷിക്കണം.